കള്ളക്കടൽ പ്രതിഭാസം; നാളെ ഉയർന്ന തിരമാലക്ക് സാധ്യത; കേരള-തമിഴ്നാട് തീരത്ത് ജാഗ്രത നിർദ്ദേശം


കള്ളക്കടൽ പ്രതിഭാസം; നാളെ ഉയർന്ന തിരമാലക്ക് സാധ്യത; കേരള-തമിഴ്നാട് തീരത്ത് ജാഗ്രത നിർദ്ദേശം


തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാ​ഗമായി നാളെ ഉയർന്ന തിരമാലയക്ക് സാധ്യതയെന്ന് അറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നുംവേഗത സെക്കൻഡിൽ 20 cm നും 40 cm നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. 

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും അറിയിപ്പിൽ നിർദേശിക്കുന്നുണ്ട്. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. 
അതുപോലെ തന്നെ വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാൻ സഹായിക്കും. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ കടൽ കയറുന്ന പ്രതിഭാസം 'കള്ളക്കടൽ' (swell surge) ആണെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രമാണ് സ്ഥിരീകരിച്ചത്. മാർച്ച് 23ന് ഇന്ത്യൻ തീരത്ത് നിന്ന് 10,000 കിലോമീറ്റർ അകലെ ന്യുനമർദ്ദം രൂപപ്പെടുകയും രണ്ട് ദിവസം കഴിഞ്ഞ് ഈ ന്യൂനമർദ്ദം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങുകയും ചെയ്തതോടെ  തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ 11 മീറ്റർ വരെ ഉയർന്ന തിരമാലകൾ രൂപപ്പെടുകയും ആ തിരമാലകൾ പിന്നീട് ഇന്ത്യൻ തീരത്തേക്ക് എത്തുകയും ചെയ്തു. 

പ്രത്യേകിച്ച് ലക്ഷണങ്ങൾ ഉണ്ടാവാതെ പെട്ടന്ന് തന്നെ ഇത്തരം തിരകൾ രൂപപ്പെടുകയാണ് പതിവ്. അതുകൊണ്ടാണ് ഇവയെ "കള്ളക്കടൽ" എന്ന് വിളിക്കുന്നത്‌. ഈ തിരകൾ മൂലം തീരപ്രദേശങ്ങളിൽ കടൽ ഉൾവലിയാനും, തീരത്തേക്ക് കയറാനും കാരണമാവും.