വാങ്ങിക്കൊണ്ടുപോയ ഫ്രോക്കിന്റെ വലിയ അളവുള്ളത് വേണം; തർക്കത്തിനൊടുവിൽ കടയുടമയുടെ വിരൽ കടിച്ചെടുത്ത് ഉപഭോക്താവ്


വാങ്ങിക്കൊണ്ടുപോയ ഫ്രോക്കിന്റെ വലിയ അളവുള്ളത് വേണം; തർക്കത്തിനൊടുവിൽ കടയുടമയുടെ വിരൽ കടിച്ചെടുത്ത് ഉപഭോക്താവ്


ലക്നൗ: വാങ്ങിക്കൊണ്ടുപോയ വസ്ത്രം തിരിച്ചെടുത്ത് മറ്റൊന്ന് നൽകണമെന്ന ആവശ്യവുമായി കടയിലെത്തിയ ഉപഭോക്താവ്, കടയുടമയുടെ വിരൽ കടിച്ചുമുറിച്ചു. തർക്കത്തിനിടെ ഇടപെടാനെത്തിയ കടയുടമയുടെ മകനെയും ഇയാൾ കടിച്ച് പരിക്കേൽപ്പിച്ചു. വസ്ത്രം തിരിച്ചെടുത്ത് വലിയ അളവിലുള്ളത് മാറ്റി നൽകണമെങ്കിൽ 50 രൂപ അധികം നൽകണമെന്ന് പറഞ്ഞതാണ് പ്രകോപനമായതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് സംഭവം. ടെക്സ്റ്റയിൽസ് ഉടമ ശിവ ചന്ദ്ര കർവാരിയ എന്നയാൾക്കാണ് ഉപഭോക്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. കടയിലെത്തിയ ഒരു അപരിചിതൻ ആദ്യ ദിവസം ഒരു ഫ്രോക്ക് വാങ്ങിയിരുന്നു. പിറ്റേദിവസം അതുമായി കടയിൽ തിരിച്ചുവന്ന അയാൾ, താൻ വാങ്ങിയ ഫ്രോക്ക് ചെറുതാണെന്നും അൽപം കൂടി വലിയ അളവിലുള്ളതാണ് വേണ്ടതെന്നും പറഞ്ഞു. എന്നാൽ വലിയ അളവ് വേണമെങ്കിൽ 50 രൂപ കൂടി അധികം നൽകണമെന്ന് കടയുടമ പറഞ്ഞതാണ് തർക്കം തുടങ്ങാൻ കാരണം.

ഫ്രോക്കുമായി വന്നയാൾ അധിക തുക നൽകില്ലെന്ന് തറപ്പിച്ചു പറഞ്ഞു. വഴക്കിനൊടുവിൽ കടയുടമയുടെ ഇടതുകൈയിലെ വിരൽ ഇയാൾ കടിച്ചുമുറിച്ചു. സംഭവം കണ്ട് ഓടിയെത്തിയ കടയുടമയുടെ മകനെയും ഇയാൾ കടിച്ച് പരിക്കേൽപ്പിച്ചു. തുടർന്ന് കടയിലുണ്ടായിരുന്ന തുണിയെല്ലാം വലിച്ച് റോഡിലേക്ക് എറി‌ഞ്ഞു. ഉടമയും മകനും പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി  നൽകുകയായിരുന്നു. കടയിൽ അക്രമം നടത്തിയയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.