കോ‌ടതി ഉത്തരവുണ്ടായിരുന്നെങ്കിൽ യുപിഎ സർക്കാരും രാമക്ഷേത്രം നിർമിക്കുമായിരുന്നു: അശോക് ​ഗെലോട്ട്


കോ‌ടതി ഉത്തരവുണ്ടായിരുന്നെങ്കിൽ യുപിഎ സർക്കാരും രാമക്ഷേത്രം നിർമിക്കുമായിരുന്നു: അശോക് ​ഗെലോട്ട് 


ദില്ലി: അയോധ്യയിൽ രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിൽ അന്നത്തെ യുപിഎ സർക്കാർ അത് ചെയ്യുമായിരുന്നുവെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും പ്രശ്നം സമാധാനപരമായി പരിഹരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിൽ യുപിഎ സർക്കാർ ആയിരുന്നെങ്കിലും ക്ഷേത്രം പണിയുമായിരുന്നു. അവരുടെ സർക്കാർ അധികാരത്തിലിരിക്കുന്നതിനാൽ അവർ അത് ചെയ്തു ഞങ്ങളായിരുന്നെങ്കിൽ ഞങ്ങളും ചെയ്തേനെയെന്നും അദ്ദേഹം പറഞ്ഞു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ​ഗെലോട്ട് ഇക്കാര്യം പറ‍ഞ്ഞത്. 

രാമക്ഷേത്രം മുതലെടുക്കുന്നതിൽ നിന്ന് ബിജെപിയെ തടയാൻ ശ്രമിക്കും. ഇത് ഒരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നുവെന്നും ​ഗെലോട്ട് പറഞ്ഞു. 2014-ൽ സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളും 2019-ൽ 24-ലും ബിജെപി ജയിച്ചു. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി വിജയിച്ചു. എന്നാൽ, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് ഫലം എല്ലാവരെയും ഞെട്ടിക്കുമെന്നും ​ഗെലോട്ട് പറഞ്ഞു.

400 സീറ്റെന്ന മുദ്രാവാക്യങ്ങളിലൂടെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണ് വഴിതിരിച്ചുവിടാനുമാണ് ബിജെപി ശ്രമിക്കുന്നത്. 2014-ൽ അവർക്ക് 31% വോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അതായത് 2019-ൽ അവർക്ക് 38% വോട്ടുകൾ ലഭിച്ചു. അതിനർത്ഥം അവർക്ക് 50%-ൽ കൂടുതൽ അധികാരം ലഭിച്ചുവെന്നല്ലെന്നും ​ഗോലോട്ട് പറഞ്ഞു.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി എം.പിമാർ രാജസ്ഥാന് വേണ്ടിയോ സംസ്ഥാനത്തെ ജനങ്ങൾക്കോ ​​വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും തുടർച്ചയായ ബിജെപി പ്രകടനപത്രികകളിലെ വാഗ്ദാനങ്ങൾ പാലിക്കാത്തത് എന്തുകൊണ്ടെണെന്നും അദ്ദേഹം ചോദിച്ചു.