സല്‍മാന്‍ ഖാന്‍റെ വീട്ടിന് നേരെ വെടിവയ്പ്പ്: രണ്ട് പ്രതികള്‍ ഗുജറാത്തില്‍ നിന്നും പിടിയില്‍


സല്‍മാന്‍ ഖാന്‍റെ വീട്ടിന് നേരെ വെടിവയ്പ്പ്: രണ്ട് പ്രതികള്‍ ഗുജറാത്തില്‍ നിന്നും പിടിയില്‍


മുംബൈ: ഏപ്രിൽ 14 ന് ബാന്ദ്ര വെസ്റ്റിലുള്ള ബോളിവുഡ് താരം സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് വെടിയുതിർത്ത രണ്ടുപേരെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് വെടിവെപ്പില്‍ പങ്കാളികള്‍ എന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടിയത്.

തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു, വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിന് ശേഷം മുംബൈയിൽ നിന്ന് ഇവര്‍ ഗുജറാത്തിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

അറസ്റ്റിലായ രണ്ടുപേരെയും കൂടുതൽ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് മുംബൈ പോലീസ് അറിയിച്ചു. വിക്കി ഗുപ്ത, സാഗർ പാൽ എന്നാണ് പ്രതികളുടെ പേരുകള്‍ എന്ന് മുംബൈ പോലീസ് അറിയിച്ചു.

ഞായറാഴ്ച പുലർച്ചെ 5 മണിയോടെ സൽമാൻ ഖാൻ്റെ ഗ്യാലക്സി അപ്പാർട്ട്മെൻ്റിന് നേരെ വെടിവയ്പ്പ് ഉണ്ടായത്.അപ്പാർട്ടുമെൻ്റിന് പുറത്ത് രണ്ട് അജ്ഞാതർ നാല് റൌണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഹെൽമറ്റിനാല്‍ മുഖം മറച്ച രണ്ടുപേരും ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

സൽമാൻ ഖാൻ്റെ വസതിക്ക് നേരെ പ്രതികളിൽ ഒരാൾ വെടിയുതിർക്കുന്നതിൻ്റെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. മൊബൈല്‍ ഫോണ്‍ ട്രാക്കിംഗ് വഴിയാണ് പ്രതികളെ കണ്ടെത്തിയത് എന്നാണ് സൂചന. 

സംഭവത്തിന് ശേഷം മുംബൈ പോലീസ് സല്‍മാന്‍റെ വസതിക്ക് നല്‍കിയ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിൻ്റെ പത്ത് ടീമുകളെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് പുറത്ത് വിന്യസിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സൽമാൻ ഖാനുമായി ഫോണിൽ സംസാരിച്ചിരുന്നു.

സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, ഗുണ്ടാ തലവന്‍ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വെടിവയ്പ്പിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇത് “ട്രെയിലർ” മാത്രമാണെന്ന് നടന്  അൻമോൽ ബിഷ്‌ണോയി  മുന്നറിയിപ്പ് നൽകി. കേസിലെ പ്രതികളിലൊരാൾ ഗുണ്ടാസംഘം രോഹിത് ഗോദാരയുമായി ബന്ധമുള്ള ഗുരുഗ്രാം സ്വദേശിയാണെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.