വയനാട് തോല്‍പ്പെട്ടിയിൽ വൻ എംഡിഎംഎ വേട്ട; കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

വയനാട് തോല്‍പ്പെട്ടിയിൽ വൻ എംഡിഎംഎ വേട്ട; കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ 

മാനന്തവാടി: വയനാട് തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വൻ എംഡിഎംഎ വേട്ട. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ ഇന്ന് രാവിലെ 8.45ന് കാറിൽ കടത്താൻ ശ്രമിച്ച 100.222 ഗ്രാം എം.ഡി.എം എയുമായി കര്‍ണാടക സ്വദേശികളായ രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസ് ടീമും എക്സൈസ് ചെക്ക് പോസ്റ്റ് ടീമും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.

ദക്ഷിണ കന്നട ജില്ലയിലെ സുള്ള്യ സ്വദേശികളായ ഉമ്മർ ഫാറൂഖ് (33) എ എച്ച് സിദ്ദീഖ് എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ പ്രജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതികൾ ബെംഗളൂരുവിൽ നിന്ന് ഒന്നര ലക്ഷം രൂപയ്ക്ക് വാങ്ങിച്ച എംഡിഎംഎ മലപ്പുറത്ത് എത്തിച്ചു നൽകുകയായിരുന്നു ലക്ഷ്യം. ഒരു ഗ്രാമിന് 4000 രൂപയ്ക്ക് വില്പന നടത്താൻ വേണ്ടിയാണ് എംഡിഎംഎ കടത്തി കൊണ്ടുവന്നത്.

പ്രതികൾ എംഡിഎംഎ കടത്താൻ ഉപയോഗിച്ചസ്വിഫ്റ്റ് ഡിസയർ കാർ എക്സൈസ് കസ്റ്റഡിയിൽ എടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകും എന്നും പ്രതികൾക്കായി അന്വേഷണം ആരംഭിച്ചുവെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് ഇതുവരെ വയനാട്ടില്‍ നടന്ന പരിശോധനകളിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. എക്സൈസ് പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം. ബി. ഹരിദാസൻ , പ്രിവൻ്റീവ് ഓഫീസർമാരായ ജോണി. കെ, ജിനോഷ് പി. ആർ , സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കൃഷ്ണൻ, ധന്വന്ത്. കെ.ആർ, അജയ് . കെ. എ , എക്സൈസ് ഡ്രൈവർ ഷിംജിത്ത്. പി എന്നിവർ പങ്കെടുത്തു.