ഒന്നര മണിക്കൂര്‍ വേണ്ടിവരുന്ന യാത്ര വെറും ഏഴ് മിനിറ്റ് കൊണ്ട് എത്തും; എയര്‍ ടാക്‌സി സര്‍വീസ് ഇന്ത്യയിലേക്കും വരുന്നു

ഒന്നര മണിക്കൂര്‍ വേണ്ടിവരുന്ന യാത്ര വെറും ഏഴ് മിനിറ്റ് കൊണ്ട് എത്തും; എയര്‍ ടാക്‌സി സര്‍വീസ് ഇന്ത്യയിലേക്കും വരുന്നു




2026ല്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് സംവിധാനം ഇന്ത്യയിലും യാഥാർത്ഥ്യമാകുന്നുയെന്ന് റിപ്പോർട്ട്. വിമാനക്കമ്പനിയായ ഇൻഡിഗോയുടെ മാതൃകമ്പനി ഇന്റർഗ്ലോബ് എന്റർപ്രൈസ് ആണ് എയർടാക്‌സി അവതരിപ്പിക്കുന്നത്. യുഎസ് കമ്പനിയായ ആര്‍ച്ചര്‍ ഏവിയേഷന്‍ എന്നിവരാണ് ഇതിന് വേണ്ടി തയ്യാറെടുക്കുന്നത്.

ഡല്‍ഹിയിലും മുംബൈയിലും ബെംഗളൂരുവിലും ആദ്യഘട്ടത്തില്‍ എയര്‍ ടാക്‌സി സര്‍വീസ് വരും. പരിസ്ഥിതിക്ക് ദോഷമില്ലാത്ത ഇലക്ട്രിക് എയർ ടാക്സികളാണ് അവതരിപ്പിക്കുക. ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നാകും ആദ്യ സർവീസ് ആരംഭിക്കുക. ആദ്യ യാത്ര ഡൽഹിയിലേക്കാകും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 27 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഈ റൂട്ട്. ഒന്നരമണിക്കൂറാണ് ഇവിടെയെത്താനെടുക്കുന്ന സമയം. എന്നാൽ എയർ ടാക്‌സിയിലൂടെ ഏഴ് മിനിറ്റിനുള്ളിൽ ലക്ഷ്യസ്ഥാനത്തെത്താനാകും.2000 മുതല്‍ 3000 രൂപവരെയായിരിക്കും നിരക്ക്.

പൈലറ്റ് കൂടാതെ 4 പേര്‍ക്ക് യാത്ര ചെയ്യാം. വെര്‍ട്ടിക്കല്‍ ടേക്ക്ഓഫ്, ലാന്‍ഡിങ് ശേഷികളുള്ള 200 ഇലക്ട്രിക് വിമാനങ്ങള്‍ ആര്‍ച്ചര്‍ ഏവിയേഷന്‍ നല്‍കും. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർച്ചർ ഏവിയേഷൻ ആണ് ഇലക്ട്രിക് വെർട്ടിക്കൽ ടേക്-ഓഫ് ആൻഡ് ലാൻഡിംഗ് എയർക്രാഫ്റ്റ് സജ്ജമാക്കുന്നത്.

ഹെലികോപ്ടറുമായി ഇതിന് സാമ്യമുണ്ടെങ്കിലും വളരെ ചെറിയ ശബ്ദമായിരിക്കും ഇതിനുണ്ടാകുക. കൂടാതെ ബാറ്ററിയിലാണ് ഇതിന്റെ പ്രവർത്തനം. ആറ് ബാറ്ററികളാണ് ഇവയിൽ ഉണ്ടാകുക. ചാർജ് ചെയ്യുന്നതിനായി 30 മുതൽ 40 മിനിറ്റ് വരെ സമയമെടുക്കും. വൈകാതെ മുംബൈയിലേക്കും ബെംഗളൂരുവിലേക്കും സർവീസ് ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.