പൊലീസിനെ കണ്ട് ഭ​യന്നോടിയ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

പൊലീസിനെ കണ്ട് ഭ​യന്നോടിയ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ


കോട്ടയം: എം.ജി സർവകലാശാല ഹോസ്റ്റലിന് സമീപം യുവാവിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അതിരമ്പുഴ നാൽപ്പാത്തിതടത്തിൽ വീട്ടിൽ ആകാശ് സുരേന്ദ്രനെ(19) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതിരമ്പുഴ നാൽപ്പാത്തി മല റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടുകാരോടൊപ്പം പുരയിടത്തിൽ ഇരിക്കവേ പൊലീസിനെ കണ്ട് ഭയന്ന് ഓടിയപ്പോൾ കിണറ്റിൽ വീണതാകാം എന്നാണ് സംശയം. 
ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്. ആകാശും സുഹൃത്തുക്കളും ചേർന്ന് ആളൊഴിഞ്ഞ പുരയിടത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഈ സമയം ഇതുവഴി പൊലീസ് പട്രോളിങ് സംഘം കടന്നു പോയി. പൊലീസ് വാഹനത്തിന്റെ ബീക്കൺ ലൈറ്റ് കണ്ട സംഘം ഭയന്ന് ഓടിയതായി പൊലീസ് പറഞ്ഞു. ചിതറി ഓടിയ സംഘം പിന്നീട് തിരികെ അതേ സ്ഥലത്തെത്തിയപ്പോഴാണ് ആകാശിനെ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അന്വേഷണത്തിൽ ഇവർ ഇരുന്ന പുരയിടത്തിലെ കിണറ്റിൽനിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് ഗാന്ധിനഗർ പൊലീസും സ്ഥലത്തെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയി​ലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.