കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവം: ക്വട്ടേഷൻ നൽകിയത് മകൻ, എട്ട് പേർ അറസ്റ്റിൽ

കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ട സംഭവം: ക്വട്ടേഷൻ നൽകിയത് മകൻ, എട്ട് പേർ അറസ്റ്റിൽ

ഗഡഗ് (കർണാടക): ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ എട്ടുപേർ അറസ്റ്റിൽ‌. വാടക കൊലയാളികളും ക്വട്ടേഷൻ നൽകിയ മകനുമാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെ കൊലപ്പെടുത്താൻ മൂത്തമകൻ 65 ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇളയ മകനും വീട്ടിലെ ചടങ്ങിനെത്തിയ ബന്ധുക്കളുമാണ് കൊല്ലപ്പെട്ടത്. മകനുൾപ്പെടെ എട്ട് പ്രതികളെയും തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മൂത്തമകൻ വിനായക് വാടക കൊലയാളികളായ ഫൈറോസിനും സീഷനും മുൻകൂറായി രണ്ട് ലക്ഷം രൂപ നൽകി.

ഗഡഗ് ബെട്ടഗേരി മുനിസിപ്പൽ കൗൺസിൽ വൈസ് പ്രസിഡൻ്റായ പ്രകാശ് ബകലെ, ഭാര്യ സുനന്ദ ബകലെ, മകൻ കാർത്തിക് എന്നിവരെ കൊലപ്പെടുത്താനായിരുന്നു പദ്ധതി. കാർത്തിക് ബകലെ (27), പരശുറാം ഹാദിമാനി (55), ലക്ഷ്മി ഹാദിമാനി (45), ആകാൻക്ഷ ഹാദിമാനി (16) എന്നിവരാണ് മരിച്ചത്. കാർത്തിക്കിൻ്റെ വിവാഹം ഏപ്രിൽ 17 ന് നിശ്ചയിച്ചിരുന്നു.

പ്രകാശ് ബക്കാലെയുടെ മൂത്തമകൻ വിനായക് ബകലെയും വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രകാശ് ബകലെയുടെ ആദ്യ ഭാര്യയുടെ മകനാണ് വിനായക്. ഇയാൾ വേറെ വീട്ടിലാണ് താമസിക്കുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസിൻ്റെ നടത്തിപ്പിലും സ്വത്ത് കാര്യങ്ങളിലും അച്ഛനും മകനും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഫൈറോസ് ഖാജി (29), സീഷാൻ ഖാൻസി (24), സാഹിൽ ഖാസി (19), സൊഹൈൽ ഖാസി (19), സുൽത്താൻ ഷെയ്ഖ് (23), മഹേഷ് സലുങ്കെ (21), വാഹിദ് ബേപാരി (21) എന്നിവരാണ് വാടക കൊലയാളികൾ.