ചുറ്റും വേലികെട്ടിയെങ്കിലും പുതുവഴിതേടി കാട്ടാനകൾ ആറളം ഫാമിൽ തൊഴിലാളികളുടെ കഞ്ഞിപ്പുരതകർത്തും നേഴ്‌സറിയിൽ നാശം വിതച്ചും കാട്ടാനകൾ

ചുറ്റും വേലികെട്ടിയെങ്കിലും പുതുവഴിതേടി കാട്ടാനകൾ 
ആറളം ഫാമിൽ തൊഴിലാളികളുടെ കഞ്ഞിപ്പുരതകർത്തും നേഴ്‌സറിയിൽ നാശം വിതച്ചും കാട്ടാനകൾ

 
ഇരിട്ടി: സംരക്ഷണത്തിനായി ചുറ്റും സോളാർ വേലികൾ സ്ഥാപിച്ചു  ഫാമിന്റെ വിവിധ മേഖലകളിൽ നിന്നും കാട്ടാനകളെ  തുരത്തി വിട്ടെങ്കിലും പുതുവഴിതേടി വീണ്ടും കാര്ഷികമേഖലയിലെത്തി കാട്ടാനകളുടെ പരാക്രമം.   ആറളം ഫാമിന്റെ കൃഷിയിടത്തെ സംരക്ഷിക്കാനുള്ള ഫാം മാനേജ് മെന്റിന്റെ ശ്രമത്തിനാണ് വീണ്ടും കാട്ടാനകൾ വിഘാതം തീർത്തിരിക്കുന്നത്. ഇവിടെനിന്നും കാട്ടിലേക്ക് തുരത്തി വിട്ട കാട്ടാനകൾ പുതിയ വഴി കണ്ടെത്തി ഫാമിൽ നാശം വിതച്ചതാണ് ഫാമിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതമുണ്ടാക്കിയിരിക്കുന്നത് . കൃഷിയിടത്തിലേക്കുള്ള ആനകളുടെ  സഞ്ചാര പാതയിൽ സ്ഥാപിച്ച വൈദ്യുതി വേലി മറി കടക്കാൻ പുഴ കടന്ന് ഓടൻതോട് പാലത്തിനടിയിലൂടെ കൃഷിയിടത്തിലേക്ക് പ്രവേശിച്ചാണ് കാട്ടാനകൾ നാശം വിതച്ചത്. ഓടന്തോടിലെ ഫാമിന്റെ  പ്രധാന ഓഫീസിന് സമീപത്തുകൂടി കൃഷിയിട്തതിൽ എത്തിയ ആനക്കൂട്ടം അഞ്ചാം ബ്ലോക്കിലെ ഓഫിസിനും തൊഴിലാളികളുടെ കഞ്ഞിപുരയ്ക്കും നാശം വരുത്തി. മേഖലയിലെ തെങ്ങുകൾ കുത്തി വീഴ്ത്തിയ ആനക്കൂട്ടം സെൻട്രൽ നേഴ്‌സറിയെ സംരക്ഷിക്കാൻ സ്ഥാപിച്ച വൈദ്യുതി  വേലിയും തകർത്തു. നേഴ്‌സറിയിൽ നിന്നും ഉയർന്ന വിലയ്ക്ക് വില്പ്പന നടത്തേണ്ട അത്യുത്പ്പാദന ശേഷിയുള്ള പ്ലാവിൻതൈകൾ ആനകൾ  വ്യാപകമായി നശിച്ചു. 300രൂപ മുതൽ 500രൂപ വരെയുള്ള തൈകളാണ് വ്യാപകമായി നശിപ്പിച്ചത്.
ഫാമിന്റെ കൃഷിയിടത്തിൽ തമ്പടിച്ച കാട്ടാന കൂട്ടത്തിൽ നിന്നും ഇരുപതിലേറെ കാട്ടാനകളെ   ആദിവാസി പുനരധിവാസ മേഖല വഴി ആറളം വനത്തിലേക്ക് വനം വകുപ്പിന്റെ സഹായത്തോടെ  തുരത്തിവിട്ടിരുന്നു. ഇവ വീണ്ടും കൃഷിയിടത്തിലേക്ക് പ്രവേശിക്കാതിരിക്കാൻ  വിവിധ ബ്ലോക്കുകളിലെ കൃഷിയിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്  വൈദ്യുതി വേലിയും സ്ഥാപിച്ചിരുന്നു. അവശേഷിക്കുന്ന ആനകളെ കൂടി കൃഷിയിടത്തിൽ നിന്നും പുറത്താക്കി ഫാമിനെ പൂർണ്ണമായും സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെയാണ് ആനകൾ  പുതു വഴി കണ്ടെത്തി കാർഷിക മേഖലയിലേക്ക് തിരിച്ചു വരുന്നതും നാശം വിതക്കുന്നതും.  
വനാതിർത്തിയിൽ ആനമതിൽ നിർമ്മാണം പൂർത്തിയാകുന്നതോടെ ആറളം വന്യജീവി സങ്കേത്തതിൽ നിന്നും നേരിട്ട് പുനരധിവാസ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് ആനകൾക്ക് സാധ്യമല്ലാതാകും. എന്നാൽ ആനകൾ പുതുവഴി തേടി  പുഴകടന്നും മറ്റുമുളള വരവ് ഏറെ  ആശങ്കഉണ്ടാക്കുകയാണ്. ചീങ്കണ്ണി, കക്കുവ, ഓടൻതോട് , വളയംചാൽ പുഴകളെല്ലാം ഫാമുമായി ബന്ധപ്പെടുന്നവയാണ്. സെൻട്രൽ നേഴ്‌സറിയെ സംരക്ഷിക്കനായി സ്ഥാപിച്ച ശക്തിയേറിയ വേലിയും തകർക്കാൻ ആനകൾ  നിരന്തരമായി ശ്രമിച്ചു വരികയാണ്. ഇതെല്ലാം ഫാം അധികൃകളിൽ ആശങ്ക തീർക്കുകയാണ്.   
ആനകൾ പുതുവഴി തേടാൻ തുടങ്ങിയതോടെ  പുഴകടന്ന് ഓടൻതോട്  പാലത്തിനടിയിലൂടെഫാമിലേക്ക് ആനകൾ വീണ്ടും എത്തുന്നത് തടയാൻ ഫാം അധികൃതർ നടപടി തുടങ്ങി. പാലത്തിനടിവത്ത്  വൈദ്യുതി വേലി സ്ഥാപിക്കാനുള്ള  നടപടി തുടങ്ങിയതായി ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിതിഷ് കുമാർ പറഞ്ഞു.