ജാർഖണ്ഡിലുണ്ടായ വാഹനാപകടത്തിൽ ശ്രീകണ്ടാപുരം പൈസക്കരി സ്വദേശിനിയായ കന്യാസ്ത്രീ മരിച്ചു

ജാർഖണ്ഡിലുണ്ടായ വാഹനാപകടത്തിൽ ശ്രീകണ്ടാപുരം പൈസക്കരി സ്വദേശിനിയായ കന്യാസ്ത്രീ മരിച്ചു


ശ്രീകണ്ടാപുരം : ജാർഖണ്ഡിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ പൈസക്കരി സ്വദേശിനിയായ കന്യാസ്ത്രീ മരിച്ചു. പ്രസന്റേഷൻ സഭാംഗമായ സിസ്റ്റർ സിജി മാത്യു (50) ആണു മരിച്ചത്.ജാർഖണ്ഡ് റാഞ്ചിയിലെ മന്തർ എന്ന സ്ഥലത്ത് ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.

സിബിസിഐയുടെ കീഴിൽ റാഞ്ചിയിലുള്ള കോൺസ്റ്റന്റ് ലീവെൻസ് ഹോസ്‌പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

സിസ്റ്റർ ജോലി ചെയ്തിരുന്ന ആശുപത്രിയിൽനിന്നു താമസസ്ഥലത്തേക്ക് റോഡരികിലൂടെ നടന്നുപോകുമ്ബോൾ പിന്നിൽനിന്ന് നിയന്ത്രണം വിട്ടു വന്ന ബൈക്ക് സിസ്റ്ററെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡിലെ ഡിവൈഡറിൽ തലയടിച്ചു വീണ സിസ്റ്ററെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിതന്നെ മരിച്ചു.

സംസ്കാര ശുശ്രൂഷകൾ ഇന്നു വൈകുന്നേരം അഞ്ചിന് കോഴിക്കോട് ചേവായൂരിലെ പ്രസന്റേഷൻ പ്രൊവിൻഷ്യൽ ഹൗസിൽ നടക്കും. പൈസക്കരി പരേതനായ മണ്ഡപത്തിൽ മാത്യു- മേരി ദന്പതികളുടെ മകളാണ്.

സഹോദരങ്ങൾ: ലിസി തേരകത്തിനാടിയിൽ (പയ്യാവൂർ), ജോസ് മാത്യു (പ്രസിഡന്റ്, കേരളാ കോൺഗ്രസ്-എം പയ്യാവൂർ മണ്ഡലം കമ്മിറ്റി), ബിനു മാത്യു (വൈസ് പ്രസിഡന്റ്, കേരള കോൺഗ്രസ്-എം കണ്ണൂർ ജില്ലാകമ്മിറ്റി).