പോൾ ചെയ്യുന്ന എല്ലാ വോട്ടും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കാൻ കഴിയില്ല; സുപ്രിംകോടതി

പോൾ ചെയ്യുന്ന എല്ലാ വോട്ടും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കാൻ കഴിയില്ല; സുപ്രിംകോടതി




ന്യൂഡൽഹി: പോൾ ചെയ്യുന്ന എല്ലാ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളുമായി ഒത്തുനോക്കണമെന്ന ഹരജികൾ തള്ളി സുപ്രിംകോടതി. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹരജി തള്ളിയത്. പേപ്പര്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണം, വോട്ടര്‍മാര്‍ പരിശോധിച്ച ശേഷം വിവിപാറ്റ് സ്ലിപ്പുകള്‍ നിക്ഷേപിക്കാം മുതലായ നിർദേശങ്ങളും സുപ്രിംകോടതി തള്ളി.

സിംബൽ ലോഡിങ് യൂണിറ്റ് സീൽ ചെയ്യണം, ഇത് 45 ദിവസം സൂക്ഷിക്കണം എന്നീ രണ്ട് നിർദേശങ്ങളും സുപ്രിംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകി. വേവ്വെറെ വിധിയാണ് ജഡ്ജിമാർ എഴുതിയതെങ്കിലും ഭിന്ന വിധിയല്ല. വോട്ടിങ് മെഷീനിലെ മെമ്മറി ഫലപ്രഖ്യാപിച്ചതിന് ശേഷം പരിശോധിക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അഭ്യര്‍ഥിക്കാമെന്നും കോടതി അറിയിച്ചു.

ഫലം പ്രഖ്യാപിച്ച് ഏഴ് ദിവസത്തിനം സ്ഥാനാര്‍ഥികള്‍ അഭ്യര്‍ഥന നടത്തണം. പരിശോധനയുടെ ചെലവ് സ്ഥാനാര്‍ഥികള്‍ വേണം വഹിക്കാൻ. കൃത്രിമം തെളിഞ്ഞാൽ പണം തിരികെ ലഭിക്കും. രണ്ടും മൂന്നും സ്ഥാനത്ത് എത്തിയ സ്ഥാനാര്‍ഥികള്‍ക്ക് പരിശോധിക്കാന്‍ അഭ്യർത്ഥന നടത്താം. ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നും സുപ്രിംകോടതി വ്യക്തമാക്കി.

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫൈ ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ, തങ്ങൾക്ക് തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള അധികാരം ഇല്ലെന്നും ഭരണഘടനാപരമായ അതോറിറ്റിയായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനം നിയന്ത്രിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.