കൊട്ടിയൂർ വൈശാഖ മഹോത്സവം ദൈവത്തെ കാണൽ ചടങ്ങ് നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവം ദൈവത്തെ കാണൽ ചടങ്ങ് നടത്തി




കണ്ണൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളിൽ ഒന്നായ ദൈവത്തെ കാണൽ ചടങ്ങ് മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. ഗോത്രവർഗ്ഗ ആചാരപ്രകാരമാണ് ചടങ്ങ്. കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാൻ സ്ഥാനികൻ മരങ്ങാടൻ കേളപ്പൻ, സഹോദരൻ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ.സി. സുബ്രഹ്മണ്യൻ നായർ, പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, സി.കെ. കുഞ്ഞികൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ, കൊട്ടിയൂർ ദേവസ്വം എക്സിക്യു്ട്ടീവ് ഓഫീസർ കെ. ഗോകുൽ, മാനേജർ നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈശാഖോത്സവത്തിലെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം 25 ന് ഇക്കരെ കൊട്ടിയൂരിൽ നടക്കും. അക്കരെ ക്ഷേത്ര അടിയന്തിരകരായ ക്ഷേത്ര ഊരാളന്മാർ, കണക്കപ്പിള്ള, സമുദായി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇക്കരെ ക്ഷേത്ര സന്നിധിയിലെ കൂത്തോട് മണ്ഡപത്തിൽ ചടങ്ങു നടക്കുക. ഇതോടൊപ്പം തണ്ണീർകുടി ചടങ്ങും നടക്കും.