വയനാട് എംപിയെന്നത് ഏറ്റവും വലിയ ബഹുമതി; എന്നും ഒപ്പമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി

കല്പറ്റ: വയനാട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എന്നും മുന്നിലുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുൽ ഗാന്ധി. വയനാട് എംപിയെന്നത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും കക്ഷിരാഷ്ട്രീയങ്ങള്‍ക്ക് അതീതമായി താന്‍ എപ്പോഴും വയനാട്ടുകാര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. വയനാട്ടില്‍ ഓരോ വീട്ടിലും തനിക്ക് സഹോദിമാരും അമ്മമാരും അച്ഛന്മാരുമുണ്ട്. വയനാട്ടിലെ വന്യമൃഗ ശല്യം അടക്കമുള്ള പരിഹരിക്കാൻ എന്നും ഒപ്പമുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.
നാമനിർദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിലെത്തിയ രാഹുല്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
"വയനാട്ടില്‍ എത്തിയതില്‍ വളരെയധികം സന്തോഷമുണ്ട്. അഞ്ച് വര്‍ഷം മുമ്പ് ഞാനിവിടെ വന്നപ്പോള്‍ പുതിയ ഒരാളായിരുന്നു. ഇവിടെ സ്ഥാനാർഥിയായി, നിങ്ങളെന്നെ പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുത്തു, നിങ്ങളുടെ കുടുംബാംഗമാക്കി. ജാതിമതഭേദമന്യേ, കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരോ വയനാട്ടുകാരനും അവരുടെ സ്നേഹം നല്കി എന്നെ അവരുടെ ഹൃദയത്തിലേക്ക് സ്വീകരിച്ചു. ഇതെന്റെ ഹൃദയത്തില്‍ നിന്നെടുക്കുന്ന വാക്കുകളാണ്'- രാഹുല്‍ പറഞ്ഞു.