സാമൂഹ്യപ്രവർത്തകൻ നരേന്ദ്ര ദബോൽക്കർ കൊലപാതകം; 2 പ്രതികള്‍ക്ക് ശിക്ഷ, 3 പേരെ വെറുതെ വിട്ടു

സാമൂഹ്യപ്രവർത്തകൻ നരേന്ദ്ര ദബോൽക്കർ കൊലപാതകം; 2 പ്രതികള്‍ക്ക് ശിക്ഷ, 3 പേരെ വെറുതെ വിട്ടു

പുനെ: സാമൂഹ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ നരേന്ദ്ര ദബോൽക്കറിനെ വധിച്ച കേസില്‍ രണ്ട് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സച്ചിൻ ആൻഡുറെ, ശരദ് കലാസ്കർ എന്നീ പ്രതികൾക്കാണ് ജീവപര്യന്തം തടവ്. കേസില്‍ മറ്റ് മൂന്ന് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് മൂന്ന് പേരെ കോടതി വെറുതെ വിട്ടിരിക്കുന്നത്. വീരേന്ദ്രസിങ് താവ്ഡെ, സഞ്ജീവ് പുനലേക്കർ, വിക്രം ഭാവെ എന്നിവരെയാണ് വെറുതെ വിട്ടത്. പുനെയിലെ പ്രത്യേക കോടതിയുടേതാണ് വിധി.

രാജ്യമൊട്ടാകെയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിതുറന്ന സംഭവമായിരുന്നു നരേന്ദ്ര ദബോല്‍ക്കര്‍ വധം. 2013 ആഗസ്റ്റ് 20നാണ് പ്രഭാത നടത്തത്തിനിടെ ബൈക്കിലെത്തിയ അക്രമികള്‍ നരേന്ദ്ര ദബോല്‍ക്കറെ വെടിവച്ച് കൊലപ്പെടുത്തിയത്. സാമൂഹിക തിന്മകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ഏറെ പോരാടിയ വ്യക്തിയാണ് നരേന്ദ്ര ദബോല്‍ക്കര്‍. 2008ല്‍ താനെയിലുണ്ടായ സ്ഫോടനക്കേസില്‍ പ്രതിയാണ് വിക്രം ഭേവ്. കേസില്‍ 2013ല്‍ ബോംബെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയതാണ്.