251 പേർക്ക് കൂടി ഹജ്ജിന് അവസരം

251 പേർക്ക് കൂടി ഹജ്ജിന് അവസരം


കോഴിക്കോട് | സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റിലുള്ള 251 പേർക്ക് കൂടി ഹജ്ജിന് അവസരം. വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 2,025 മുതൽ 2,275 വരെയുള്ള അപേക്ഷകർക്കാണ് അവസരം ലഭിച്ചത്.

ഹജ്ജിന് വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ അപേക്ഷകരുടെ പുറപ്പെടൽ കേന്ദ്രം അടിസ്ഥാനത്തിൽ താഴെ പറയുന്ന പ്രകാരമുള്ള തുക അടക്കേണ്ടതാണെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബേങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂനിയൻ ബേങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിൽ പണമടച്ച് ഈ മാസം 14നകം രേഖകൾ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. കോഴിക്കോട് 3,73,000 രൂപ, കൊച്ചി 3,37,100 രൂപ, കണ്ണൂർ 3,38,000 രൂപ.
അപേക്ഷാ ഫോറത്തിൽ ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ, ആ ഇനത്തിൽ 15,180 രൂപ കൂടി അധികം അടക്കണം.

പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ പണമടച്ച പേ ഇൻ സ്ലിപ്പ്, ഒറിജിനൽ പാസ്സ്‌പോർട്ട്, പാസ്സ്പോർട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ള ഫോട്ടോ പാസ്സ് പോർട്ടിന്റെ പുറംചട്ടയിൽ സെല്ലോടേപ്പ് ഉപയോഗിച്ച് പതിക്കേണ്ടതാണ്), നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് ആൻഡ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (സർട്ടിഫിക്കറ്റ് ഗവ. അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷാ ഫോമും അനുബന്ധ രേഖകളും (അപേക്ഷയിൽ അപേക്ഷകനും നോമിനിയും ഒപ്പിടണം) ഈ മാസം 14നുള്ളിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. നിശ്ചിത സമയത്തിനകം പണവും അനുബന്ധ രേഖകളും സമർപ്പിക്കാത്തവരുടെ തിരഞ്ഞെടുപ്പ് റദ്ദാകുന്നതും അത്തരം സീറ്റുകളിലേക്ക് വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരെ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതുമാണ്. വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലാ ട്രെയിനിംഗ് ഓർഗനൈസർമാരുമായോ മണ്ഡലം ട്രെയിനിംഗ് ഓർഗനൈസർമാരുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ- 0483-2710717. Website: tthps://hajcommittee.gov.in.