പോൺ താരവുമായി ബന്ധം, ബിസിനസ് രേഖകളില്‍ കൃത്രിമം; 34 കേസുകളിൽ ട്രംപ് കുറ്റക്കാരന്‍, ശിക്ഷാവിധി ജൂലൈ 11ന്

പോൺ താരവുമായി ബന്ധം, ബിസിനസ് രേഖകളില്‍ കൃത്രിമം; 34 കേസുകളിൽ ട്രംപ് കുറ്റക്കാരന്‍, ശിക്ഷാവിധി ജൂലൈ 11ന്


ബിസിനസ് രേഖകളിൽ കൃത്രിമം നടത്തിയ 34 കേസുകളിലും മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റക്കാരനെന്ന് ന്യുയോർക്ക് കോടതി. പോൺ‌താരം സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ പണം നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. ഓരോ കേസിനും നാല് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ട വകുപ്പുകളാണ് ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്. ജൂലൈ 11ന് ശിക്ഷ വിധിക്കും.

ട്രംപുമായി 2006ൽ ഉണ്ടായ ലൈംഗിക ബന്ധത്തെക്കുറിച്ച് സ്റ്റോമി ഡാനിയൽസ് കോടതിയിൽ നേരത്തേ വിശദീകരിച്ചിരുന്നു. ഈ ബന്ധം മറച്ചുവയ്ക്കാൻ ‍‍ട്രംപ് 1.30 ലക്ഷം ഡോളർ നൽകിയെന്നും, ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടിയെന്നുമാണ് കേസ്. 2016ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴാണ് പണം നൽകിയതെന്നാണ് കേസ്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 5 മാസം ശേഷിക്കെയാണ് കോടതി നടപടി. തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ജോ ബൈഡനുമായി ഒരിക്കൽകൂടി ഏറ്റുമുട്ടാനിരിക്കുകയാണ് ട്രംപ്. ഡെമോക്രാറ്റിക് പാർട്ടിയിൽ ബൈഡനും റിപ്പബ്ലിക് പാർട്ടിയിൽ ട്രംപും പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥിത്വം ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് ട്രംപിന് തടസമില്ല. യഥാർഥ വിധി നവംബർ അഞ്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുറത്തുവരുമെന്ന് ട്രംപ് പ്രതികരിച്ചു.