തടവുപുള്ളിയായ സുഹൃത്തിനെ കാണാനെത്തിയ ക്രിമിനൽ സംഘം കോഴിക്കോട് ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിച്ചു; 3 പേർക്ക് പരിക്ക്


തടവുപുള്ളിയായ സുഹൃത്തിനെ കാണാനെത്തിയ ക്രിമിനൽ സംഘം കോഴിക്കോട് ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിച്ചു; 3 പേർക്ക് പരിക്ക്


കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ ക്രിമിനല്‍ സംഘം നടത്തിയ ആക്രമണത്തില്‍ അസി. പ്രിസണ്‍ ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. പരിക്കേറ്റ അസി. പ്രിസണ്‍ ഓഫീസര്‍ നിധിന്‍, മറ്റ് ഉദ്യോഗസ്ഥരായ എ.സി പ്രദീപ്, രഞ്ജീഷ് എന്നിവരെ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി കേസുകളില്‍ പ്രതികളും കോഴിക്കോട് സ്വദേശികളുമായ അജിത്ത് വര്‍ഗീസ്, ജില്‍ഷാദ്, മുഹമ്മദ് അനസ് എന്നിവരാണ് ജയിലില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ ഇവരുടെ സുഹൃത്തായ തടവുപുള്ളിയെ കാണണമെന്നാവശ്യപ്പെട്ട് വൈകീട്ട് അഞ്ചോടെയാണ് സംഘം എത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം ജയിലില്‍ എത്തിയ ഇയാളുടെ വെരിഫിക്കേഷന്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുണ്ടെന്നും സന്ദര്‍ശന സമയം കഴിഞ്ഞതും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് ജയില്‍ പരിസരത്തു നിന്ന് പോകാന്‍ ഇവരോട് ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ  ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ആക്രമിക്കുകയുമായിരുന്നുവെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. ജില്‍ഷാദ് നേരത്തേയും ജയില്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ പ്രതിയാണ്. അജിത്ത് പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ്. മൂന്നുപേരെയും കസബ പോലീസ് കസ്റ്റഡിയിലെടുത്തു.