ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ന്, ദില്ലിയിലും ഹരിയാനയിലും ഒറ്റഘട്ടത്തിൽ; ആകെ 58 മണ്ഡലങ്ങൾ ബൂത്തിലേക്ക്


ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ന്, ദില്ലിയിലും ഹരിയാനയിലും ഒറ്റഘട്ടത്തിൽ; ആകെ 58 മണ്ഡലങ്ങൾ ബൂത്തിലേക്ക് 


ദില്ലി: ആറാം ഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ദില്ലിയിലെയും ഹരിയാനയിലെയും എല്ലാ സീറ്റുകളിലും ഈ ഒറ്റഘട്ടത്തിലാണ് വോട്ടെടുപ്പ്. 889 സ്ഥാനാർത്ഥികളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും. മെഹബൂബ മുഫ്തി, മനോഹർലാൽ ഖട്ടാർ, മേനക ഗാന്ധി, അഭിജിത് ഗംഗോപാധ്യായ, കനയ്യകുമാർ എന്നിവരാണ് ആറാംഘട്ടത്തിൽ ജനവിധി തേടുന്നത്. 

നേരത്തെ മാറ്റി വെച്ച അനന്തനാഗ് രജൗരി മണ്ഡലത്തിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. ദില്ലിയിലെ ഏഴ് സീറ്റിലും ഹരിയാനയിലെ പത്ത് സീറ്റിലും എൻഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ കടുത്ത മത്സരം നടക്കുകയാണ്. കെജ്രിവാളിന്‍റെ ജയില്‍ മോചനവും , മദ്യനയക്കേസും, സ്വാതി മലിവാള്‍ വിഷയവും വലിയ ചർച്ചയായിരിക്കെയാണ് ദില്ലിയിലെ തെര‍ഞ്ഞെടുപ്പ്.

യുവാവിനെ ആളുമാറി ജയിലിലടച്ച സംഭവം; പൊലീസിനുണ്ടായ വീഴ്ചയില്‍ അന്വേഷണം ആരംഭിച്ചു, റിപ്പോർട്ട് ലഭിച്ചശേഷം നടപടി

ദില്ലിയിൽ മേൽക്കൈ ആർക്ക് ?

2014 ലും 2019 ലും രാജ്യതലസ്ഥാനത്തെ 7 സീറ്റുകളും തൂത്തുവാരിയ ബിജെപി ഇത്തവണയും വമ്പൻ വിജയം ആവർത്തിക്കുമെന്നാണ് അവകാശപ്പെടുന്നത്. പക്ഷേ കോൺ​ഗ്രസും എഎപിയും ആദ്യമായി ഒന്നിച്ച് മത്സരിക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകളിൽ ഇന്ത്യ സഖ്യം സ്ഥാനാർത്ഥികൾ കാര്യമായ വെല്ലുവിളി ഉയർത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. എന്നാൽ രണ്ട് മാസം ദിവസം നീണ്ട പ്രചാരണത്തിലൂടെ എല്ലാം മറികടന്നെന്നാണ് ഇന്ന് ഒരുമിച്ച് മാധ്യമങ്ങളെ കണ്ട നടത്തിയ 7 ബിജെപി സ്ഥാനാർത്ഥികളും പറഞ്ഞത്. രാമനെ കൊണ്ടുവന്നവരെ ജനം തിരഞ്ഞെടുക്കുമെന്ന് വടക്കുകിഴക്കൻ ദില്ലി സ്ഥാനാർത്ഥി മനോജ് തിവാരി പ്രതികരിച്ചു.

മനോജ് തിവാരിയുടെ എതിർ സ്ഥാനാർത്ഥിയും കോൺ​ഗ്രസ് നേതാവുമായ കനയ്യ കുമാറിനെ പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകർ ആക്രമിച്ചത് വിവാദമായിരുന്നു. മനോജ് തിവാരിയുടെ കൂട്ടാളികളാണ് അക്രമികളെന്നാണ് ആരോപണം. താൻ ആക്രമിച്ചതിനോട് യോജിക്കുന്നില്ല, എന്നാൽ അക്രമികളെ കോൺ​ഗ്രസ് പ്രവർത്തകർ കൈകാര്യം ചെയ്ത രീതി ശരിയല്ലെന്നും മനോജ് തിവാരി പ്രതികരിച്ചു.