ഡൽഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടുത്തും: 7 ഏഴ് നവജാത ശിശുക്കൾ മരിച്ചു

ഡൽഹിയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടുത്തും: 7 ഏഴ് നവജാത ശിശുക്കൾ മരിച്ചു


ഡൽഹി: ഡൽഹിയിലെ കുട്ടികളുടെ ആശുപത്രിയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു. കിഴക്കൻ ഡൽഹിയിലെ വിവേക് ​​വിഹാർ ഏരിയയിലെ ആശുപത്രിയില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ 16 ല്‍ അധികം ഫയർ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും തീ വലിയ തോതില്‍ പടർന്നിരുന്നു.


12 നവജാത ശിശുക്കളെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും ഏഴ് പേർ മരിച്ചെന്നാണ് അധികൃതർ അറിയിക്കുന്നത്. അഞ്ച് കുട്ടികൾ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഫയർ ഫോഴ്സ് അധികൃതർ അറിയിച്ചു.

അതേസമയം, ശനിയാഴ്ച രാത്രി തന്നെ ഡൽഹിയിലെ ഷഹ്ദാര ഏരിയയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിലും തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ് അഞ്ച് അഗ്നിശമന സേനാ വാഹനങ്ങൾ സ്ഥലത്തെത്തി 13 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.


ശനിയാഴ്ച രാവിലെ, ഗുജറാത്തിലെ രാജ്‌കോട്ടിലെ ഒരു ഗെയിമിംഗ് സോണിലുണ്ടായ വൻ തീപിടിത്തത്തിൽ ഒമ്പത് കുട്ടികളടക്കം ഇരുപത്തിയേഴ് പേർ മരിച്ചിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും തിരിച്ചറിയാൻ പ്രയാസമാണെന്നും അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ വിനായക് പട്ടേൽ പറഞ്ഞു.

ഗുജറാത്തിലെ അപകടത്തില്‍ പ്രസിഡൻ്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡൻ്റ് ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ ദുഃഖം രേഖപ്പെടുത്തി.