ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിലച്ചു , 7 ജില്ലകളിലേക്കുള്ള സർവീസ് മുടങ്ങി

ബിപിസിഎൽ പ്ലാന്റിൽ ഡ്രൈവർമാരുടെ മിന്നൽ പണിമുടക്ക്; ഗ്യാസ് സിലിണ്ടറുകളുടെ വിതരണം നിലച്ചു , 7 ജില്ലകളിലേക്കുള്ള സർവീസ് മുടങ്ങി


പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും ബിപിസിഎല്‍ ഡ്രൈവര്‍മാര്‍ വ്യക്തമാക്കി.

photo - facebook

കൊച്ചി: കൊച്ചി ബിപിസിഎൽ പാചകവാതക പ്ലാന്‍റിലെ കരാർ ഡ്രൈവർക്ക് സിഐടിയു കയറ്റിറക്കി തൊഴിലാളികളുടെ ക്രൂരമർദ്ദനം. തൃശ്ശൂർ കൊടകര ശ്രീമോൻ ഏജൻസിയിൽ ലോഡിറക്കാനെത്തിയപ്പോഴായിരുന്നു 20 രൂപ കുറഞ്ഞെന്നാരോപിച്ച് മർദ്ദിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചി ബിപിസിഎല്‍ പാചക വാതക പ്ലാന്‍റിലെ 200 ലോറി ഡ്രൈവർമാരാണ് സമരം ചെയ്യുന്നത്. തുടർന്ന് ഗ്യാസ് സിലിണ്ടറുകളുടെ നീക്കം നിലച്ചു.

ഇന്നലെയാണ് തൃശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട് കൂലി തർക്കമുണ്ടായത്. ഇതിനിടെ ഡ്രൈവർ ശ്രീകുമാറിന് മർദനമേറ്റു. ഗുരുതര പരുക്കുകളുടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീകുമാർ. അടികൊണ്ട് നിലത്തു വീണ ശ്രീകുമാറിനെ വീണ്ടും മർദിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും ബിപിസിഎല്‍ ഡ്രൈവര്‍മാര്‍ വ്യക്തമാക്കി. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡ്രൈവർമാർ മിന്നൽ സമരം തുടങ്ങിയത്. നിലവിൽ 7 ജില്ലകളിലേക്കുള്ള പാചക വാതക വിതരണം നിലച്ചിട്ടുണ്ട്. സമരം ചെയ്യുന്നവരുമായി ബിപിസിഎൽ മാനേജ്മെന്‍റും കോൺട്രാക്ടർമാരും ചർച്ച തുടരുകയാണ്.