ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചിത്രം പകർത്തുന്നതിനിടെ തടാകത്തിൽ വീണു; തജിക്കിസ്ഥാനിൽ മലയാളിയായ എംബിബിഎസ് വിദ്യാർത്ഥി മുങ്ങി മരിച്ചു 


കോട്ടയം: ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കൾക്കൊപ്പം ചിത്രം പകർത്തുന്നതിനിടെ മെഡിക്കൽ വിദ്യാർത്ഥി തജിക്കിസ്ഥാനിൽ തടാകത്തിൽ വീണു മുങ്ങിമരിച്ചു. പത്തനാട് തകിടിയേൽ ടി.എച്ച്.ഹാരിസ് മുഹമ്മദിന്റെ (സെക്രട്ടേറിയറ്റ് നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി) മകൻ റിയാസ് ഹാരിസ് മുഹമ്മദ് (24) ആണു മരിച്ചത്. റിയാസിന്റെ 24-ാം ജന്മദിനമായ 22ന് ആയിരുന്നു സംഭവം.

ദുഷൻബേ അവിസിന താജിക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു. പഠനം പൂർത്തിയാക്കി നാട്ടിലേക്കു വരുന്നതിനു ടിക്കറ്റെടുത്തു കാത്തിരിക്കുന്നതിനിടെയാണ് അപകടം. കബറടക്കം ഇന്നു 11നു കങ്ങഴ പുത്തൂർപ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. മാതാവ്: ഷഹാമോൾ. സഹോദരൻ: റാസിക് ഹാരിസ് മുഹമ്മദ്.