ഇരിട്ടി ടൗണിൽ കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു.

ഇരിട്ടി ടൗണിൽ കാൽനട യാത്രക്കാരൻ അജ്ഞാത വാഹനം ഇടിച്ചു മരിച്ചു.

ഇരിട്ടി : ഇരിട്ടി പാലം ബസ്റ്റോപ്പിന് സമീപം കാൽനട യാത്രക്കാരൻ തന്തോട് സ്വദേശി പാറയ്ക്കൽ തൈബ് മുഹമ്മദ് (48) ആണ് മരിച്ചത്. ഇടിച്ചിട്ട് നിർത്താതെ കടന്നുകളഞ്ഞ വാഹനം ഇനിയും തിരിച്ചറിഞ്ഞില്ല. അപകടത്തിൽ പെട്ട് റോഡിൽ കിടന്ന തൈബ് മുഹമ്മദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇന്നലെ രാത്രി 9.30 ഓടെ ഇരിട്ടി പഴയപാലം നേരമ്പോക്ക് ജംഗ്ഷന് സമീപമാണ് സംഭവം . കനത്ത മഴയെ തുടർന്ന് കറന്റ് ഇല്ലാത്തതുകൊണ്ട് ഇരിട്ടി ടൗൺ മുഴുവൻ ഇരുട്ടിൽ മുങ്ങി കിടന്ന സമയത്താണ് അപകടം. ഇരിട്ടി ടൗണിൽ 30 ഓളം സോളാർ വഴിവിളക്കുകൾ ഉണ്ടെങ്കിലും ഒന്നുപോലും പ്രവർത്തിക്കാത്തതാണ് അപകട കാരണം എന്നാണ് വ്യാപാരികളും നാട്ടുകാരും പറയുന്നത്

വഴിവിളക്കുകൾ പണി മുടക്കിയതോടെ രാത്രി അയാൽ ടൗൺ മുഴുവൻ ഇരുട്ടിൽ ആകുന്നത് പതിവാകുകയാണ്. വഴി വിളക്കുകൾ പുനഃസ്ഥാപിക്കണം എന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതരുടെ അനാസ്ഥ ഇപ്പോഴും തുടരുകയാണ് .
ഇതോടെ ടൗൺ ഇരുട്ടുമൂടികിടക്കുന്നതിന്റെ ആദ്യ രക്ത സാക്ഷി ആയിരിക്കുകയാണ് തൈബ് മുഹമ്മദ് . ഇനിയെങ്കിലും അധികൃതർ കണ്ണുതുറക്കണം എന്ന ആവശ്യമാണ് എല്ലാ മേഖലകളിൽ നിന്നും ഉയരുന്നത്. അപകടത്തിന് കാരണമായ വാഹനത്തിനായി സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ് . ഭാര്യ : ആയിഷ. മക്കൾ : നബീന, അറഫ, അഫ‌ാൻ, ഉമ്മർ.