വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍ ; കൊലപാതകം പ്രണയപ്പകയില്‍, വിധി ഉച്ചകഴിഞ്ഞ്

വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍ ; കൊലപാതകം പ്രണയപ്പകയില്‍, വിധി ഉച്ചകഴിഞ്ഞ്കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞിരിക്കുന്നത്. 2022 ല്‍ നടന്ന കുറ്റകൃത്യത്തില്‍ വിഷ്ണുപ്രിയയുടെ വീട്ടില്‍ കയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും മരണശേഷവും ശരീരത്തില്‍ കുത്തിയതായി കണ്ടെത്തിയിരുന്നു.

പ്രണയപ്പകയിലായിരുന്നു കൊലപാതകം. താനുമായുള്ള സൗഹൃദം അവസാനിപ്പിച്ച് വിഷ്ണുപ്രിയ മറ്റൊരാളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടതായിരുന്നു കൃത്യത്തിന് കാരണമായി മാറിയത്. 21 കുത്തുകളായിരുന്നു ശരീരത്ത് ഉണ്ടായിരുന്നത്. ഇതില്‍ 10 കുത്തുകള്‍ മരണശേഷം ഉണ്ടാക്കിയതാണെന്നും കണ്ടെത്തിയിരുന്നു. 2022 ഒക്ടോബര്‍ 22 നായിരുന്നു സംഭവം. സംഭവത്തിലെ 12 സെക്കന്റ് വീഡിയോയും കൊല്ലാനായി ശ്യാംജിത്ത് കുത്തുപറമ്പില്‍ ആയുധങ്ങള്‍ വാങ്ങുന്ന വീഡിയോ ദൃശ്യങ്ങളും പാനൂരില്‍ ശ്യാം ജിത്ത് വന്നിറങ്ങിയതിന്റെ സാക്ഷിമൊഴികളും നിര്‍ണ്ണായകമായി.

23 വയസ് മാത്രമുള്ള കൃഷ്ണപ്രിയയെ വീട്ടില്‍ കയറി മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചാണ് ശ്യാംജിത്ത് കൊലപ്പെടുത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ തനിച്ചായിരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ രാവിലെ വസ്ത്രം മാറാനും മറ്റുമായി വീട്ടിലെത്തിയതായിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വരെ വിഷ്ണുപ്രിയ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. ശ്യാംജിത്ത് വരുന്നത് കണ്ട് ക്യാമറ ശ്യാംജിത്തിന് നേരെ തിരിച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിഷ്ണുപ്രിയയെ ആദ്യം കണ്ടത്. വൈകാതെ തന്നെ വിഷ്ണുപ്രിയയുടെ മരണവും സംഭവിച്ചു.

യാതൊരു കുറ്റബോധവുമില്ലാതെയാണ് പിടിയിലായപ്പോഴും ശ്യാംജിത്ത് പ്രതികരിച്ചത്. തനിക്ക് 25 വയസായതേ ഉള്ളൂ, 14 വര്‍ഷത്തെ ശിക്ഷയല്ലേ, അത് ഗൂഗിളില്‍ കണ്ടിട്ടുണ്ട്, 39 വയസാകുമ്പോള്‍ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ലെന്നായിരുന്നു അന്ന് ശ്യാംജിത്തിന്റെ പ്രതികരണം. ഈ പ്രതികരണവും ഏറെ വിവാദമായിരുന്നു. 2023 സെപ്റ്റംബര്‍ 21നാണ് കേസില്‍ വിചാരണ തുടങ്ങിയത്. കേസിന്റെ വിചാരണ വേളയില്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു ശ്യാംജിത്ത് ചെയ്തത്.

തലശേരി അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി മുമ്പാകെയാണ് പ്രതിഭാഗം വാദം പൂര്‍ത്തിയാക്കിയത്. കേസില്‍ 73 സാക്ഷികളാണുണ്ടായിരുന്നത്. ഇതില്‍ ഏറ്റവും നിര്‍ണ്ണായകമായത് കൊല്ലപ്പെടുന്ന സമയത്ത് വിഷ്ണുപ്രിയ വീഡിയോകോളില്‍ സംസാരിക്കുകയായിരുന്ന സുഹൃത്തിന്റേതായിരുന്നു. വീഡിയോകോളില്‍ സംസാരിച്ച സുഹൃത്തായിരുന്നു പ്രധാന സാക്ഷി.സുഹൃത്തിനെ കൊല്ലാനും പദ്ധതിയുണ്ടായിരുന്നു.