അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു; ധനവകുപ്പിന്റെ വിചിത്ര ഉത്തരവ്

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു; ധനവകുപ്പിന്റെ വിചിത്ര ഉത്തരവ്


കണ്ണൂര്‍: അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചുകൊണ്ടുള്ള വിചിത്ര ഉത്തരവുമായി ധനവകുപ്പ്. സംസ്ഥാന വിഹിതം ഇനിയൊരു നിര്‍ദേശം ലഭിക്കുന്നത് വരെ നല്‍കേണ്ടെന്നാണ് ഉത്തരവ്. കാരണം എന്താണെന്ന് വ്യക്തമാക്കാതെയാണ് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. ഉത്തരവിനെതിരെ പ്രതിഷേധവുമായി സിഐടിയു രംഗത്തെത്തി.

എല്ലാ ജില്ലാ, സബ് ട്രഷറി ഓഫീസര്‍മാര്‍ക്കുമായി നല്‍കിയ ഉത്തരവിലാണ് വിചിത്ര നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സാലറി ക്ലെയിം ശീർഷകത്തിൽ സമർപ്പിക്കുന്ന ബില്ലുകൾ പാസാക്കി നൽകാൻ പാടില്ലെന്നാണ് സബ് ട്രഷറി ഡയറക്ടറുടെ നിർദ്ദേശം. എല്ലാ ട്രഷറി ഓഫീസര്‍മാരും നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.

സംസ്ഥാനത്തെ 66230 അംഗനവാടി ജീവനക്കാരുടെയും സൂപ്പർവൈസർ തുടങ്ങിയ സാമൂഹ്യ നീതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളത്തിലെ സംസ്ഥാന വിഹിതം മുടങ്ങും. ധനവകുപ്പിന്റെ നടപടിയിൽ പ്രതിഷേധവുമായി സിഐടിയു രംഗത്ത് എത്തിയിട്ടുണ്ട്. ധനവകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ട് അംഗനവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (CITU) കത്ത് നൽകി. തുച്ഛമായ ശമ്പളം മരവിപ്പിക്കുന്ന ഉത്തരവിൽ വ്യക്തത വരുത്തണമെന്നും വിശദീകരണം വേണമെന്നും ധനവകുപ്പിന് നൽകിയ കത്തിൽ സിഐടിയു ആവശ്യപ്പെട്ടിട്ടുണ്ട്. അംഗനവാടി ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനമെടുത്ത പശ്ചാത്തലത്തിൽ കൂടിയാണ് ധനവകുപ്പിന്റെ നടപടി.