മാർക്ക് കുറഞ്ഞതിൽ തർക്കം: പരസ്പരം കത്തി കൊണ്ട് കുത്തി അമ്മയും മകളും, പത്തൊന്‍പതുകാരി മരിച്ചു

മാർക്ക് കുറഞ്ഞതിൽ തർക്കം: പരസ്പരം കത്തി കൊണ്ട് കുത്തി അമ്മയും മകളും, പത്തൊന്‍പതുകാരി മരിച്ചു


ബംഗളൂരു: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവിൽ അമ്മയുടെ കുത്തേറ്റ് മകൾ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.

ബിരുദ വിദ്യാർത്ഥിയായ സാഹിത്യയാണ് കൊല്ലപ്പെട്ടത്. 60കാരിയായ അമ്മ പത്മജ പരിക്കുകളോടെ ചികിത്സയിലാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ കുറിച്ച് പത്മജ മകളോട് ചോദിക്കുകയും ഇത് തർക്കത്തിലേക്ക് നയിക്കുകയുമായിരുന്നു. രൂക്ഷമായ വാക്കുതർക്കം കത്തിയെടുത്തുള്ള ഭീഷണിയിലെത്തി.

പത്മജക്ക് നാലു തവണ കുത്തേറ്റു. സാഹിത്യക്ക് കഴുത്തിലും വയറിലുമായാണ് കുത്തേറ്റത്. ഓടിക്കൂടിയ അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. പൊലീസെത്തി ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ബനശങ്കരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൗത്ത് ഡിവിഷൻ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ലോകേഷ് ഭരമപ്പ ജഗൽസർ പറഞ്ഞു.