പ്രണയ വിവാഹം വരന്റെ മാതാവിന് വെട്ടേറ്റു: വധുവിന്റെ പിതാവ് ഉൾപ്പെടെ വധശ്രമ കേസിൽരണ്ടുപേര്‍ പിടിയിൽ

 പ്രണയ വിവാഹം വരന്റെ മാതാവിന് വെട്ടേറ്റു: വധുവിന്റെ പിതാവ് ഉൾപ്പെടെ വധശ്രമ കേസിൽരണ്ടുപേര്‍ പിടിയിൽ

പെരിങ്ങോം: യുവാവ് പ്രണയിച്ച് വിവാഹം ചെയ്തതിന്റെ വിരോധത്തില്‍ വധുവിന്റെ പിതാവിൻ്റെ നേതൃത്വത്തിൽ അക്രമം. വരന്റെ പിതാവിനെ മര്‍ദ്ദിക്കുന്നതുകണ്ട് തടയാനെത്തിയ മാതാവിന് വെട്ടേറ്റു.മൂന്ന് പേർക്കെതിരെ വധശ്രമത്തിന് കേസ് രണ്ടു പേർ പിടിയിൽ. വരൻ്റെ മാതാവ്
എരമം പേരൂല്‍ കിഴക്കേക്കരയിലെ എം.വി.ലീല(63)ക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരം 6.30 മണി ഓടെയാണ് സംഭവം.
പരാതിയിൽ പേരൂലിലെ ഇട്ടമ്മല്‍ പവിത്രന്‍(48), പെടച്ചി വീട്ടില്‍ വിനോദ്(45), കൂടെയുണ്ടായിരുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകളിലാണ് പെരിങ്ങോം പോലീസ് കേസെടുത്തത്. പവിത്രനേയും വിനോദിനേയും ഇന്ന് പുലർച്ചെയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസികളായ പവിത്രന്റെ മകളെ ലീലയുടെ മകന്‍ പ്രണയിച്ച് വിവാഹം ചെയ്തതിന്റെ വിരോധമാണ് വീട് കയറി അക്രമത്തിൽ കലാശിച്ചത്. പരാതിക്കാരിയുടെ വീട്ടിൽ മാരകായുധങ്ങളുമായി അതിക്രമിച്ച് കയറിയ പ്രതികൾ ഭര്‍ത്താവ് രവീന്ദ്രനെ തള്ളിയിട്ട്കാലുകൊണ്ട് ചവിട്ടുന്നത് തടയാനെത്തിയപ്പോഴാണ് പരാതിക്കാരിയുടെ തലയ്ക്ക് വാക്കത്തി കൊണ്ട് വെട്ടേറ്റത്. എല്ലാറ്റിനേയും വെട്ടിക്കൊന്ന് പെട്രോളൊഴിച്ച് കത്തിക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട് വെട്ടേറ്റ നിലയിൽ ലീലയെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരാതിക്കാരിയായ ലീലയുടെ മകനും മുഖ്യപ്രതിയായ പവിത്രന്റെ മകളും തമ്മിലുള്ള പ്രണയത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ഇരുവരും വിവാഹിതരായിരുന്നു. ഇതിന്‌ശേഷം ഇരുവരും അകലെയുള്ള വാടക വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസമാണ് യുവാവും ഭാര്യയും വീട്ടിലെത്തിയത്. വിവരമറിഞ്ഞെത്തിയ വധുവിന്റെ വീട്ടുകാര്‍ അടുക്കളയിലൂടെ വീടിനകത്ത് കടന്നാണ് അക്രമം നടത്തിയത്.മൂന്നാം പ്രതിക്കായി പോലീസ് തെരച്ചിൽ തുടങ്ങി.