വണ്ടിയിൽ കൊണ്ടുപോയ അരിച്ചാക്ക് പൊട്ടി റോഡിൽ നിറയെ അരി, പിന്നാലെ അപകട പരമ്പര, പത്ത് പേര്‍ക്ക് പരിക്ക്


വണ്ടിയിൽ കൊണ്ടുപോയ അരിച്ചാക്ക് പൊട്ടി റോഡിൽ നിറയെ അരി, പിന്നാലെ അപകട പരമ്പര, പത്ത് പേര്‍ക്ക് പരിക്ക്


തൃശൂര്‍: വാഹനത്തില്‍ കൊണ്ടുപോയിരുന്ന അരി ചാക്കിൽ നിന്ന് റോഡിലേക്ക് വീണ് അപകട പരമ്പര . അരിയില്‍ തെന്നി ബൈക്കുകള്‍ മറിഞ്ഞ് 10 പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ തളിക്കുളം ഹൈസ്‌കൂളിനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റവര്‍ തളിക്കുളം  കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ റോഡില്‍ വെള്ളമൊഴിച്ച് അരി നീക്കം ചെയ്തു.

തുടരേ ആളുകള്‍ ചികിത്സ തേടിയതോടെയാണ് പ്രശ്‌നം ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ആരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എഐ. മുഹമ്മദ് മുജീബിന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍  ഹൈസ്‌കൂളിലെ പൈപ്പ് ഉപയോഗിച്ച് റോഡ് ക്ലീന്‍ ചെയ്തു. റോഡിന്റെ ഇരുവശത്തും അല്‍പ്പ നേരം വാഹനങ്ങള്‍ നിര്‍ത്തിയശേഷം റോഡില്‍ കിടന്നിരുന്ന അരി മുഴുവന്‍ റോഡില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കം ചെയ്യുകയായിരുന്നു.

അരി മുഴുവന്‍ സുരക്ഷിതമായി ഒരു ഭാഗത്തേക്ക് മാറ്റുന്നതിന് മൂന്നുതവണ പലപ്പോഴായി വാഹന ഗതാഗതം നിര്‍ത്തിവയ്പിക്കേണ്ടിവന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി ടി സുജിത്ത്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ സീനത്ത് ബീവി സിഐ, രമ്യ കെ ബി, കാവ്യ പി എസ് എന്നിവരും തളിക്കുളം ഹൈസ്‌കൂള്‍ അധ്യാപകന്‍ മനോഹിത്, സ്‌കൂള്‍ ജീവനക്കാരായ പവിത്ര, അശ്വതി എന്നിവരും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.