കാഫിർ പ്രയോഗം; 'വാട്സാപ്പ് പോസ്റ്റിന്‍റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചു', ഹർജി ഹൈക്കോടതിയിൽ


കാഫിർ പ്രയോഗം; 'വാട്സാപ്പ് പോസ്റ്റിന്‍റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചു', ഹർജി ഹൈക്കോടതിയിൽ


കൊച്ചി:വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ കാഫിർ പ്രയോഗമുള്ള വാട്സാപ്പ് പോസ്റ്റ്‌ പ്രചരിപ്പിച്ചതിന്‍റെ  ഉറവിടം കണ്ടെത്താനുള്ള അന്വേഷണം നിലച്ചെന്നാരോപിച്ച് യൂത്ത് ലീഗ് പ്രവർത്തകനും കേസിലെ പ്രതിയുമായ പികെ കാസിം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വോട്ടെടുപ്പിന്‍റെ തലേന്നായിരുന്നു വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം.

യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്‍റെ പേരിലായിരുന്നു സന്ദേശം. എന്നാൽ, ഇത് കൃത്രിമമായി നിർമ്മിച്ചതാണെന്നും പോസ്റ്റിൽ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം പൊലീസിൽ പരാതി നൽകിയ തന്നെ പ്രതിയാക്കി വടകര പൊലീസ് കേസ് എടുത്തെന്നും കാസിം ഹർജിയിൽ ആരോപിക്കുന്നു. അമ്പാടിമുക്ക് സഖാക്കൾ എന്ന ഐ ഡി യിൽ ആണ് ആദ്യമായി ഇത് താൻ കണ്ടതെന്നും കാസിം ഹർജിയിൽ പറയുന്നു.

സത്യം പുറത്ത് വരാൻ അന്വേഷണം കാര്യക്ഷമമാക്കാൻ കോടതി ഇടപെടണം എന്നും ഹർജിക്കാരൻ പറയുന്നു. കേസിൽ മുൻ എംഎൽഎ കെ കെ ലതിക അടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. വടകര എസ്എച്ച്ഒ യുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിർ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്‍റെ സ്‌ക്രീൻ ഷോട്ട് ലതിക ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരുന്നു.