‘മുസ്ലീം കുട്ടികള്‍ക്ക് മാത്രം പഠന സഹായം’; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം


‘മുസ്ലീം കുട്ടികള്‍ക്ക് മാത്രം പഠന സഹായം’; മലബാര്‍ ഗ്രൂപ്പിനെതിരെ വ്യാജപ്രചാരണം; താക്കീതുമായി മുംബൈ ഹൈക്കോടതി; സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം


മലബാര്‍ ഗ്രൂപ്പിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാജപ്രചരണം നടത്തുന്നവര്‍ക്ക് താക്കീതുമായി മുംബൈ ഹൈക്കോടതി. മലബാര്‍ ഗ്രൂപ്പിന്റെ സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധനരായ 77,000 പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി നല്‍കിയ സ്‌കോളര്‍ഷിനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും വ്യാജപ്രചരണവും നടന്നത്. മലബാര്‍ ഗ്രൂപ്പ് മുസ്ലീം കുട്ടികള്‍ക്ക് മാത്രമാണ് പഠന സഹായം നല്‍കുന്നത് എന്നുള്ള പ്രചരണവും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. ഇതിനെതിരെയാണ് മലബാര്‍ ഗ്രൂപ്പ് മുംബൈ ഹൈക്കോടതിയെ സമീപിച്ചത്.

ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടെ നടത്തിയ മുഴുവന്‍ പോസ്റ്റുകളും ചിത്രങ്ങളും ഉടന്‍ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം ഉറപ്പ് വരുത്താന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ കമ്പനികളോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലുലുടനീളം 77,000ത്തില്‍ അധികം പെണ്‍കുട്ടികള്‍ക്ക് സകോളര്‍ഷിപ്പ് നല്‍കുകയും സ്ത്രീശാക്തീകരണം അടക്കം വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് 246 കോടിയിലേറെ രൂപ ചെലവഴിക്കുകയും ചെയ്തിട്ടും കര്‍ണാടകയിലെ ഒരു സ്‌കൂളില്‍ പഠന സകോളര്‍ഷിപ്പ് നല്‍കിയ ചടങ്ങിന്റെ ഫോട്ടോ ഉപയോഗിച്ച് തെറ്റായ രീതിയില്‍ പ്രചാരണം നടത്തിയ പ്രതികള്‍ക്കെതിരെയാണ് കോടതി വിധി.

വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ സല്‍പേരിനെയും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കുമായി നടത്തുന്ന ചിരിറ്റി പ്രവര്‍ത്തനങ്ങളെയും കളങ്കപ്പെടുത്തുന്നതാണ് വ്യാജപ്രചാരകര്‍ ശ്രമിച്ചതെന്ന് സിവില്‍ കോടതി ജഡ്ജി പറഞ്ഞു.
അപകീര്‍ത്തികരമായ ഉള്ളടക്കം നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് ഭാരതി ഡാംഗ്രെ, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ ഉദ്ധരണി ഇന്നത്തെ കേസിന് പൂര്‍ണ്ണമായും ബാധകമാണെന്ന് അഭിപ്രായപ്പെട്ടു – ”ഇരുട്ടിനെ ഇരുട്ടിനെ പുറത്താക്കാന്‍ കഴിയില്ല… വെളിച്ചത്തിന് മാത്രമേ അത് ചെയ്യാന്‍ കഴിയൂ. വെറുപ്പിന് വെറുപ്പിനെ പുറത്താക്കാന്‍ കഴിയില്ല, സ്‌നേഹത്തിന് മാത്രമേ അത് ചെയ്യാന്‍ കഴിയൂ…’ എന്നും ജഡ്ജി പറഞ്ഞു.

പ്രതികളായ കാജല്‍ ശിങ്കള, മുരളി അയ്യങ്കാര്‍, ഷെഫാലി വൈദ്യ എന്നിവര്‍ അപ്ലോഡ് ചെയ്ത അപകീര്‍ത്തികരമായ പോസ്റ്റുകള്‍ ബിസിനസ്സ് ലോകത്ത് തങ്ങളുടെ പ്രശസ്തിക്ക് പരിഹരിക്കാനാകാത്തവിധം കോട്ടമുണ്ടാക്കുമെന്ന് ആരോപിച്ച് 70 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മലബാര്‍ ഗ്രൂപ്പ് കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പോസ്റ്റുകളുടെ സാമുദായിക സ്വഭാവവും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള അവയുടെ സാധ്യതയും കൂട്ടിച്ചേര്‍ത്തു.

ബോയിക്കോട്ട്മലബാര്‍ ഗോര്‍ഡ് എന്ന കാമ്പെയ്നിലൂടെ ഗ്രൂപ്പിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മലബാര്‍ ഗോള്‍ഡ് കോടതിയെ സമീപിച്ചത്.

സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും വിദ്വേഷ പ്രചാരണത്തിനായി ദുരുപയോഗം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെയുള്ള ശക്തമായ വിധിയാണ് ബോംബെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വ്യക്തമാക്കി.