മാഹിയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു, അടുത്ത വീട്ടിലെ ബൈക്കും മോഷ്ടിച്ച് കള്ളന്മാർ രക്ഷപ്പെട്ടു


മാഹിയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല പൊട്ടിച്ചു, അടുത്ത വീട്ടിലെ ബൈക്കും മോഷ്ടിച്ച് കള്ളന്മാർ രക്ഷപ്പെട്ടു


മാഹി: മാഹി പള്ളൂരിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണ്ണ മാല കവർന്ന് മോഷ്ടാക്കൾ രക്ഷപ്പെട്ടു. കൊയ്യോട്ടു തെരു ഗണപതി ക്ഷേത്രത്തിന് സമീപം പാച്ചക്കണ്ടിയിലെ പവിത്രന്‍റെ വീട്ടിലാണ് പുലർച്ചെ രണ്ടരയോടെ മോഷണം നടന്നത്. കവർച്ചയ്ക്ക് ശേഷം സമീപത്തെ വീട്ടിലെ ബൈക്കുമായാണ് കളന്മാർ രക്ഷപ്പെട്ടത്. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളിലും മോഷണ ശ്രമം ഉണ്ടായെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം നടന്നത്. വീടിന് പിൻഭാഗത്തെ വരാന്തയിലെ പൂട്ട് പൊളിച്ച് അകത്ത് കയറിയ കള്ളന്മാർ  അടുക്കള വാതിവും തകർത്താണ് വീടിനുള്ളിലേക്ക് കയറിയത്. പിന്നാലെ മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പവിത്രന്‍റെ ഭാര്യ ബിന്ദുവിന്‍റെ കഴുത്തിലെ മാല പൊട്ടിച്ച് പ്രതികൾ ഇറങ്ങി ഓടുകയായിരുന്നു. ബിന്ദുവിന്‍റെ ഒന്നര പവന്‍റെ താലിമാലയാണ് മോഷണം പോയത്. പിടിവലിയിൽ ബിന്ദുവിന് കഴുത്തിന് മുറിവേറ്റിട്ടുണ്ട്. 

മോഷണത്തിന് ശേഷം രക്ഷപ്പെടാനായി മുൻ വശത്തെ വാതിലും മോഷ്ടാക്കൾ തുറന്നു വച്ചിരുന്നു.  പവിതന്‍റെ വീട്ടിൽ നിന്നും  മോഷ്ടാക്കളെത്തിയത് ഗുരുസി പറമ്പത്ത് ഗീതാഞ്ജലിയിലെ സതീശന്‍റെ വീട്ടിൽ. അവിടെ നിന്നും സതീശന്റെ ബൈക്കുമെടുത്ത് കള്ളന്മാർ കടന്നു കളയുകയായിരുന്നു. സമീപത്തെ മറ്റ് രണ്ട് വീടുകളിലും മോഷണം നടന്നിട്ടുണ്ട്. പ്രദേശത്തെ ആളില്ലാത്ത വീട്ടിലും കയറാൻ കള്ളന്മാർ ശ്രമിച്ചിരുന്നു. 

ഈ വീടിന്‍റെ ഗ്രില്ലിന്‍റെ പൂട്ടും ബൾബും കള്ളന്മാർ അടിച്ചു പൊട്ടിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും ഡ്വാഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. പള്ളൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തലശേരിയിലെ മോഷണ പരമ്പരകളിൽ ഇതുവരെ യാതൊരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. അതിനിടയിലാണ് തലശേരിക്കടുത്ത് പള്ളൂരിലും സമാനരീതിയിൽ മോഷണം നടക്കുന്നത്.