ഭര്‍ത്താവ് ജീവനാംശം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതി ; വെളിയങ്കോട് സ്വദേശി വടക്കേപ്പുറത്ത് അബൂബക്കറിനു പകരം അറസ്റ്റ് ചെയ്ത് പോലീസ് ജയിലില്‍ അടച്ചത് ആലുങ്ങല്‍ അബൂബക്കറെ


ഭര്‍ത്താവ് ജീവനാംശം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതി ; വെളിയങ്കോട് സ്വദേശി വടക്കേപ്പുറത്ത് അബൂബക്കറിനു പകരം അറസ്റ്റ് ചെയ്ത് പോലീസ് ജയിലില്‍ അടച്ചത് ആലുങ്ങല്‍ അബൂബക്കറെ


മലപ്പുറം: പൊന്നാനി പോലീസിന്റെ വീഴ്ചയില്‍ ആളുമാറി നിരപരാധിയെ ജയിലില്‍ അടച്ചു. ഭര്‍ത്താവ് ജീവനാംശം നല്‍കുന്നില്ലെന്ന യുവതിയുടെ പരാതിയില്‍ വെളിയങ്കോട് സ്വദേശി വടക്കേപ്പുറത്ത് അബൂബക്കറിനു പകരം അറസ്റ്റ് ചെയ്തത് ആലുങ്ങല്‍ അബൂബക്കറെ(32). തുടര്‍ന്നു മൂന്നു ദിവസം ജയിലില്‍ കിടന്ന അബൂബക്കറിനെ നിരപരാധിത്വം ബോധ്യപ്പെട്ടു കോടതി വിട്ടയച്ചു.

പ്രവാസിയായ വടക്കേപ്പുറത്ത് അബൂബക്കറിനെതിരേ ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ തിങ്കളാഴ്ച രാത്രിയാണ് അയല്‍വാസിയായ ആലുങ്ങല്‍ അബൂബക്കറെ ആളുമാറി പോലീസ് സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തിയത്. ആലുങ്ങല്‍ അബൂബക്കറും ഭാര്യയുമായി പിണക്കത്തിലായിരുന്നു. ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെന്ന ധാരണയിലാണ് അബൂബക്കര്‍ സ്‌റ്റേഷനിലെത്തിയത്.

തന്റെ വീട്ടുപേരിലല്ല കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അബൂബക്കര്‍ സംശയമുന്നയിച്ചെങ്കിലും ഇരുവരുടെയും പിതാവിന്റെയും, മാതാവിന്റെയും പേരുകള്‍ ഒന്നായതിനാല്‍ അബൂബക്കറിനെ ചൊവ്വാഴ്ച തിരൂരിലെ കുടുംബകോടതിയില്‍ ഹാജരാക്കി. കോടതി നാലു ലക്ഷം രൂപ പിഴയിട്ടു. പിഴയൊടുക്കാത്ത പക്ഷം തടവിനും വിധിച്ചു. തുടര്‍ന്നാണ് തവനൂര്‍ ജയിലിലടച്ചത്. തന്റെ ഭാര്യ നല്‍കിയ പരാതിയാണെന്ന് കരുതിയാണ് അബൂബക്കര്‍ ജയിലില്‍ കഴിഞ്ഞത്. അബദ്ധം പറ്റിയെന്ന് ഇന്നലെയാണ് പോലീസിനു ബോധ്യമായത്.

ഇതിനിടെ കുടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ച് നിരപരാധിത്വം ബോധ്യപ്പെടുത്തുകയും അബൂബക്കറിനെ കോടതി വിട്ടയയ്ക്കുകയുമായിരുന്നു. യഥാര്‍ഥത്തില്‍ അറസ്റ്റ് ചെയ്യേണ്ട അബൂബക്കര്‍ ഇതൊന്നുമറിയാതെ ഗള്‍ഫില്‍ കഴിയുകയാണ്.