ചൊവ്വാഴ്ചയും ഭക്തജനത്തിരക്കിലമർന്ന് ഉത്സവ നഗരി ഇന്ന് തിരുവോണം ആരാധനയും ഇളനീർ വെപ്പും

ചൊവ്വാഴ്ചയും ഭക്തജനത്തിരക്കിലമർന്ന് ഉത്സവ നഗരി 
ഇന്ന് തിരുവോണം ആരാധനയും ഇളനീർ വെപ്പും ഇരിട്ടി: ചൊവ്വാഴ്ചയും ഭക്തജനങ്ങൾ ഒഴുകിയെത്തിയതോടെ ഉത്സവനഗരി ഭക്തി ലഹരിയിലാറാടി. പുലർച്ചർമുതൽ ആരംഭിച്ച ഭക്തജന പ്രവാഹത്തിന് വൈകുന്നേരത്തോടെയാണ് ശമനമുണ്ടായത്.    ഉത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധനയും വ്യഴാഴ്ച നടക്കുന്ന ഇളനീരാട്ടത്തിനുള്ള  ഇളനീർ വെപ്പും  ഇന്ന് നടക്കും. തിരുവോണം ആരാധനാ നാളിൽത്തന്നെ ഇളനീർ വെപ്പും വരുന്നത്  വളരെ  അപൂർവമാണ്.  

തിരുവോണം ആരാധനക്കായി  കോട്ടയം കോവിലകത്ത് നിന്നും എഴുന്നള്ളിച്ചെത്തിക്കുന്ന അഭിഷേക സാധനങ്ങളും കരോത്ത് നായർ തറവാട്ടിൽ നിന്നും എത്തിക്കുന്ന പഞ്ചഗവ്യവും തേടൻ വാര്യർ സ്വീകരിച്ച് അക്കരെ ക്ഷേത്രത്തിൽ എത്തിക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടക്കുക. തുടർന്ന് നിവേദ്യ പൂജകഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് 'ശീവേലിക്ക് വിളിക്കുന്നതോടെ ' എഴുന്നള്ളത്തിന് തുടക്കമാവും. 

തിരുവോണം  ആരാധനദിവസം പൊന്നിൻ ശീവേലിയും ഉച്ചക്ക് ആരാധനാ സദ്യയും നടക്കും. തിരുവോണം മുതലാണ്  ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക. കരിമ്പന ഗോപുരത്തിൽ നിന്നും എഴുന്നള്ളിച്ചെത്തിച്ച  ഭണ്ഡാരങ്ങൾ ശിവേലിക്ക് അകമ്പടിയായി ഉണ്ടാകും. ഉത്സവ ദിവസങ്ങളിൽ അക്കരെ കൊട്ടിയൂരിൽ നടന്നു വരാറുള്ള മത്തവിലാസം കൂത്ത് ഇന്നുമുതലാണ് പൂർണ്ണ രൂപത്തിൽ ആരംഭിക്കുക.  പാഠകവും തിരുവോണം നാളായ ബുധനാഴ്ച  മുതൽ ആരംഭിക്കും. സന്ധ്യയ്ക്ക് പാലമൃത് അഭിഷേകവും നടത്തും. 

വ്യാഴാഴ്ച  നടക്കുന്ന ഇളനീരാട്ടത്തിനായി  ഇളനീർ കാവുമായി  എത്തുന്ന വ്രതക്കാർ ഇന്ന് വൈകുന്നേരത്തോടെ കൊട്ടിയൂരിൽ എത്തിച്ചേരും. രാത്രി ശിവേലിയും ശ്രീ ഭൂതബലിയും കഴിഞ്ഞ്  കാര്യത്ത് കൈക്കോളൻ തിരുവൻചിറയിലെ കിഴക്കേനടയിൽ തട്ടും പോളയും വിരിക്കുകയും കുടിപതി കാരണവർ വെള്ളി ക്ടാരം വച്ച് രാശി വിളിക്കുകയും ചെയ്താൽ ഇളനീർ വെപ്പ് ആരംഭിക്കും.