സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: മലപ്പുറം സ്വദേശിയായ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: മലപ്പുറം സ്വദേശിയായ അഞ്ചുവയസ്സുകാരി ഗുരുതരാവസ്ഥയില്‍


കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിയായ അഞ്ചു വയസുകാരി ഗുരുതരാവസ്ഥയില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുകയാണ് പെണ്‍കുട്ടി. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങള്‍ക്കും രോഗലക്ഷങ്ങള്‍ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഉള്ള നാല് കുട്ടികളുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചു. അഞ്ചു പേര്‍ നിരീക്ഷണത്തിലാണ്.

മലപ്പുറം കടലുണ്ടി പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും. ഒരാഴ്ച മുമ്പാണ് മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയില്‍, വേനലില്‍ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കാനിറങ്ങിയത്. 5 ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നട്ടെല്ലില്‍ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.