വൈദ്യുതി ലൈന്‍ മാറ്റുന്നതിനിടെ പോസ്റ്റിന് മുകളിൽ വെച്ച് ഷോക്കേറ്റു; കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു


വൈദ്യുതി ലൈന്‍ മാറ്റുന്നതിനിടെ പോസ്റ്റിന് മുകളിൽ വെച്ച് ഷോക്കേറ്റു; കെ.എസ്.ഇ.ബി കരാര്‍ തൊഴിലാളി മരിച്ചു


കോഴിക്കോട്: കെ.എസ്.ഇ.ബിയുടെ ഉപകരാര്‍ ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റു മരിച്ചു. മലപ്പുറം ആക്കോട് മൂലോട്ടില്‍ പണിക്കരക്കണ്ടി മുഹമ്മദ് മുസ്തഫ(40) ആണ് മരിച്ചത്. പന്തീരങ്കാവിനു സമീപം ഒളവണ്ണ വേട്ടുവേടന്‍ കുന്നില്‍ വെച്ച് രാവിലെ പത്തോടെയാണ് അപകടമുണ്ടായത്. വൈദ്യുതി ലൈന്‍ മാറ്റുന്നതിനുവേണ്ടി  പോസ്റ്റിനു മുകളില്‍ കയറി ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് ബോധരഹിതനായി ലൈനിന് മുകളില്‍ തങ്ങി നില്‍ക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ഉടന്‍തന്നെ പോസ്റ്റില്‍ കയറി മുസ്തഫയെ താഴെയെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണം ഷോക്കേറ്റ് തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ കെ.എസ്.ഇ.ബിയിലെ വിദഗ്ധസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ഇവരുടെ പരിശോധനയില്‍ ഷോക്കേല്‍ക്കാനും സാധ്യത ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാത്രമേ കൃത്യമായ മരണകാരണം കണ്ടെത്താന്‍ ആകൂ എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഡെപ്യൂട്ടി സേഫ്റ്റി കമ്മീഷണര്‍ സന്ധ്യാ ദിവാകരന്‍ ചീഫ് സേഫ്റ്റി ഓഫീസര്‍ മീന സേഫ്റ്റി ഓഫീസര്‍ ആന്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അമ്പിളി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

മുഹമ്മദ് മുസ്തഫ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പന്തിരങ്കാവ് കെ.എസ്.ഇ.ബി സെക്ഷനു കീഴില്‍ കരാര്‍ ജോലിക്ക് എത്തിയത്. അതേസമയം വൈദ്യുതി ലൈന്‍ ഓഫാക്കാതെയാണ് ഇവര്‍ ജോലി ചെയ്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഊര്‍ജ്ജിത അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അബ്ദുള്ളയാണ് മുസ്തഫയുടെ പിതാവ്. മാതാവ്: പരേതയായ ഖദീജ.