ഡി വൈ ചന്ദ്രചൂഢ് തീരുമാനം എടുക്കട്ടെ; ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് കോടതി

ഡി വൈ ചന്ദ്രചൂഢ് തീരുമാനം എടുക്കട്ടെ; ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് കോടതി


ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം നീട്ടണമെന്ന ഹർജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് കോടതി. കെജ്‌രിവാളിന്റെ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഉചിതമായ തീരുമാനം എടുക്കട്ടെയെന്ന് കോടതി പറഞ്ഞു. ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച ബെഞ്ച് ഹര്‍ജി ചീഫ് ജസ്റ്റിസിന് മുന്നില്‍ ഉന്നയിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് ചൂണ്ടികാട്ടി ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായി ഇന്നലെയാണ് കെജ്‌രിവാള്‍ കോടതിയെ സമീപിച്ചത്. ഇത്തരമൊരു ആവശ്യവുമായി എന്തുകൊണ്ട് കഴിഞ്ഞയാഴ്ച്ച സമീപിച്ചില്ലെന്ന് കോടതി ചോദിച്ചു. എന്നാൽ മെഡിക്കല്‍ പരിശോധനയ്ക്കുള്ള നിര്‍ദേശം ലഭിച്ചത് ഇന്നലെയാണെന്ന് കെജ്‌രിവാളിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം ജൂണ്‍ ഒന്നിന് അവസാനിക്കും.

ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ തനിക്ക് പിഇടി-സിടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ജാമ്യം നീട്ടി നല്‍കണമെന്നുമാണ് കെജ്‌രിവാളിന്റെ ആവശ്യം. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ ജുണ്‍ 1 വരെ ഇടക്കാലം ജാമ്യം ലഭിച്ച കെജ്‌രിവാളിന് ജൂണ്‍ 2 ന് തീഹാര്‍ ജയിലിലേക്ക് മടങ്ങങ്ങേണ്ടിവരും. അതേസമയം മാക്സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘം ഇതിനകം പ്രാഥമിക പരിശോധനകള്‍ നടത്തിയിട്ടുണ്ട്. തുടര്‍ പരിശോധന അനിവാര്യമാണെന്നും സാഹചര്യം പരിഗണിച്ച് കോടതി ഇടക്കാലജാമ്യം നീട്ടിനല്‍കണമെന്നും കെജ്‌രിവാളിൻ്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. 21 ദിവസത്തേക്കായിരുന്നു ജാമ്യം അനുവദിച്ചത്.