വിദ്യാര്‍ത്ഥി കണ്‍സഷന്‍: ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി


വിദ്യാര്‍ത്ഥി കണ്‍സഷന്‍: ഈ വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി


തിരുവനന്തപുരം: ഈ അദ്ധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനംവഴി ഒരുക്കുമെന്ന് കെഎസ്ആര്‍ടിസി. 2024 - 25 അദ്ധ്യയന വര്‍ഷം മുതല്‍ കെഎസ്ആര്‍ടിസി ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍ ഓണ്‍ലൈനിലേക്ക് മാറും. കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ നേരിട്ട് എത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനാണ് രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലേക്ക് മാറ്റാന്‍ തീരുമാനമായത്.

https://www.concessionksrtc.com എന്ന വെബ്‌സൈറ്റ് ഓപ്പണ്‍ ചെയ്ത് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ വിജയകരമായി പൂര്‍ത്തിയായാല്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒരു മെസ്സേജ് വരും. പ്രസ്തുത അപേക്ഷ സ്‌കൂള്‍ അംഗീകരിച്ചുകഴിഞ്ഞാല്‍ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യും. ഉടന്‍ തന്നെ അപേക്ഷ അംഗീകരിച്ചതായി SMS ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയില്‍ അടക്കേണ്ടതുണ്ട് എന്ന നിര്‍ദേശവും ലഭിക്കും. തുക അടച്ചാല്‍ ഏത് ദിവസം നിങ്ങളുടെ കണ്‍സെഷന്‍ കാര്‍ഡ് ലഭ്യമാകുമെന്ന് എസ്എംഎസ് വഴി അറിയാം.

അതേസമതം ഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കില്‍ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനും സൗകര്യമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീല്‍ നല്‍കുവാനായി പ്രസ്തുത വെബ്‌സൈറ്റില്‍ തന്നെ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. സ്വന്തമായോ അക്ഷയ, ഫ്രണ്ട്‌സ് തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ മുഖേനയോ വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 02.06.2024 നു മുന്‍പ് https://www.concessionksrtc.com എന്ന വെബ്‌സൈറ്റില്‍ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. മൂന്നുമാസമാണ് സ്റ്റുഡന്‍സ് കണ്‍സഷന്റെ കാലാവധി. വൈകാതെതന്നെ കെഎസ്ആര്‍ടിസി സ്റ്റുഡന്റ്‌സ് കണ്‍സഷനും ആര്‍എഫ്‌ഐഡി സംവിധാനത്തിലേക്ക് മാറും.