ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലെത്തിയാല്‍ മുസ്ലീങ്ങള്‍ ഹജ്ജിനായി സഹായധനം അനുവദിക്കുമെന്ന് ചന്ദ്രബാബു നായിഡു. തെലുങ്ക് ദേശം പാര്‍ട്ടി, ബിജെപി, ജനസേന എന്നിവരുടെ സഖ്യം ചേര്‍ന്നാണ് ആന്ധ്രയിലെ എന്‍ഡിഎ. ഒരു ലക്ഷം രൂപയാണ് മുസ്ലീങ്ങള്‍ക്ക് ഹജ്ജിനായി സഹായധനം നല്‍കുമെന്ന് നായിഡു പ്രഖ്യാപിച്ചത്.
നെല്ലൂരില്‍ മുസ്ലീം സമുദായവുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയായിരുന്നു ചന്ദ്രബാബു നായിഡു ഇക്കാര്യത്തില്‍ ഉറപ്പുനല്‍കിയത്. ഹജ്ജ് തീര്‍ത്ഥാടനത്തിനായി പോകുന്ന ഓരോ മുസ്ലീങ്ങള്‍ക്കും ഈ സഹായധനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിലെ റോട്ടയാന്‍ കി ഈദ് ആഘോഷത്തിന് ടിഡിപി സര്‍ക്കാരാണ് സംസ്ഥാന ആഘോഷങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയതെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
ഹൈദരാബാദിലെ മുസ്ലീങ്ങള്‍ മറ്റേത് സ്ഥലങ്ങളിലെ മുസ്ലീങ്ങളേക്കാള്‍ മികച്ച നിലയിലാണ് ജീവിക്കുന്നത്. ഇതിന് പ്രധാന കാരണം ടിഡിപിയുടെ നയങ്ങളാണെന്നും നായിഡു അവകാശപ്പെട്ടു. ടിഡിപി മുമ്പും എന്‍ഡിഎയുടെ ഭാഗമായിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും മുസ്ലീം സമുദായത്തിനോട് അനീതി കാണിക്കാന്‍ അനുവദിച്ചിട്ടില്ല.
ടിഡിപിയാണ് ഹൈദരാബാദില്‍ ഉര്‍ദു യൂണിവേഴിസിറ്റി സ്ഥാപിച്ചത്. ഹജ്ജ് ഹൗസുകളും ടിഡിപി തന്നെയാണ് നിര്‍മിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി ഒരു മുസ്ലീം പള്ളി പോലും നിര്‍മിക്കാനുള്ള ശ്രമം പോലും നടത്തിയിട്ടില്ലെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.
എന്‍ആര്‍സിക്ക് എല്ലാവിധ പിന്തുണയും നല്‍കിയവരാണ് വൈഎസ്ആര്‍ കോണ്‍ഗ്രഗസ് സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് പദ്ധതികള്‍ക്കെല്ലാം അവര്‍ പിന്തുണ അറിയിച്ചവരാണ്. മുസ്ലീം സമുദായം വിശ്വാസം, ധൈര്യം, കഠിനാധ്വാനത്തിലുള്ള വിശ്വാസം എന്നിവയ്ക്ക് പേരുകേട്ടവരാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
അതേസമയം ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗന്‍ മോഹനും രംഗത്ത് വന്നിട്ടുണ്ട്. എന്‍ഡിഎ സഖ്യം പുറത്തിറക്കിയ പ്രകടനപത്രികയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തുവെന്നും, ഡല്‍ഹിയില്‍ നിന്നുള്ള വിളി വന്ന ശേഷമാണിത് സംഭവിച്ചതെന്നും ജഗന്‍ പറഞ്ഞു.
ബിജെപി ആസ്ഥാനത്ത് നിന്ന് ഫോണ്‍ വന്നത്. മോദിയുടെ ചിത്രംഉള്‍പ്പെടുത്താനാവില്ലെന്നാണ് അവര്‍ അറിയിച്ചത്. നായിഡുവിന്റെ വാഗ്ദാനങ്ങള്‍ ഒരിക്കലും നടപ്പാവില്ലെന്ന് അറിയാവുന്നത് കൊണ്ടാണിതെന്നും ജഗന്‍ പറഞ്ഞു. അതേസമയം ജഗന്റെ പ്രസ്താവന സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളത് മാത്രമാണെന്നാണ് എന്‍ഡിഎയിലെ മൂന്ന് പാര്‍ട്ടികളും ആരോപിക്കുന്നത്.
അതേസമയം ആറ് വര്‍ഷത്തിന് ശേഷമാണ് നായിഡു എന്‍ഡിഎയില്‍ നേരത്തെ തിരിച്ചെത്തിയത്. ടിഡിപി ഇത്തവണ അധികാരത്തിലെത്തിയില്ലെങ്കില്‍ ഇത് തന്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞിട്ടുണ്ട്.