ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം:പ്രധാനമന്ത്രി രാവിലെ വോട്ടുരേഖപ്പെടുത്തി


ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം:പ്രധാനമന്ത്രി രാവിലെ വോട്ടുരേഖപ്പെടുത്തി 


അഹമ്മദാബാദ്: ലോകസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടിംഗില്‍ അഹമ്മദാബാദില്‍ ആദ്യമണിക്കൂറില്‍ തന്നെ തന്റെ വോട്ടു രേഖപ്പെടുത്തി പ്രധാനമന്ത്രി. രാവിലെ 7.45 ന് അഹമ്മദാബാദ് ഗാന്ധിനഗറിലെ നിശാന്‍ ഹൈസ്‌ക്കൂളിലാണ് അദ്ദേഹം വോട്ടു രേഖപ്പെടുത്തിയത്. ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കൊപ്പം രാവിലെ തന്നെ പോളിംഗ് ബൂത്തിലെത്തിയ മോദി അധികം കാത്തുനില്‍ക്കാതെ സമ്മതിദാനം വിനിയോഗിച്ചു.

വോട്ടുരേഖപ്പെടുത്തിയതിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളോടും സമ്മതിദാനം വിനിയോഗിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനാധിപത്യത്തിന്റെ ഉത്സവമാണ് ഇതെന്നും ഗുജറാത്തിനൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലായിടത്തും തങ്ങളുടെ വോട്ട് രേഖപ്പെടുത്താന്‍ ഇന്ത്യയിലെ ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇത്രയും മികച്ച രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പ്രതികരണത്തില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.

മോദി വോട്ടുചെയ്യാന്‍ എത്തുന്നതിന് മുമ്പായി അഹമ്മദാബാദില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഗുജറാത്ത് ഇന്ന് ഒറ്റ ഘട്ടമായി 25 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. മോദി വോട്ടുചെയ്യാന്‍ എത്തുന്നതിന് മുമ്പായി ഇവിടെ വലിയ ആഘോഷമായിരുന്നു. വാദ്യോപകരണങ്ങള്‍ മുഴക്കിയാണ് മോദിയെ ഇവിടുത്തെ ജനത സ്വീകരിച്ചത്. പാതയുടെ ഇരുവശങ്ങളിലും മോദിയുടെ പ്ലക്കാര്‍ഡും മറ്റും പിടിച്ച് അനേകം ബിജെപി പ്രവര്‍ത്തകരാണ് എത്തിയത്. അവര്‍ക്കിടയിലൂടെ നടന്നായിരുന്നു മോദി പോളിംഗ്ബൂത്തിലേക്ക് എത്തിയത്.

ആള്‍ക്കാരോട് കുശലം പറഞ്ഞും ഓട്ടോഗ്രാഫുകള്‍ ഒപ്പിട്ടുകൊടുത്തും വോട്ട് ചെയ്യാനുള്ള വരവും പ്രധാനമന്ത്രി പ്രചരണമാക്കി മാറ്റി. സമ്മതിദാനം വിനിയോഗിച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് പോകും. മദ്ധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും റാലികളില്‍ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ഗുജറാത്തില്‍ കഴിഞ്ഞ രണ്ടു തവണയും ബിജെപി ലോക്‌സഭാ സീറ്റുകള്‍ മുഴുവനും തൂത്തുവാരിയിരുന്നു.