സർവ്വീസ് സെൻ്ററിലെ മാലിന്യം തുറസ്സായ സ്ഥലത്ത് തള്ളിയതിന് വീണ്ടും പിഴ

കണ്ണൂർ: അലക്ഷ്യമായി മാലിന്യം സ്ഥാപനത്തിന് സമീപം കൂട്ടിയതിന് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് 25000 രൂപ പിഴ ചുമത്തിയ വാഹന സർവീസ് സെൻ്റർ അതേ മാലിന്യം സ്വകാര്യ ഭൂമിയിൽ തള്ളിയതിന് മുഴപ്പിലങ്ങാട്ട് പിടിയിലായി. ശുചിത്വ മാലിന്യ പരിപാലനരംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കഴിഞ്ഞ ആഴ്ചയാണ് മാലിന്യം കൂട്ടിയിട്ടതിനും അശാസ്ത്രീയമായി കൈകാര്യം ചെയ്തതിനും കക്കാട് ഉള്ള റെനോ കാർ കമ്പനിയുടെ സർവീസ് സെൻ്ററിന് ഇരുപത്തയ്യായിരം രൂപ പിഴ ചുമത്തി മാലിന്യം നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. നീക്കം ചെയ്ത മാലിന്യം സംസ്കരിക്കുന്നതിന് വേണ്ടി ഒരു സ്വകാര്യ ഏജൻസിക്ക് കൈമാറിയെങ്കിലും പ്രസ്തുത ഏജൻസി മുഴപ്പിലങ്ങാട് ഉള്ള ഒരു സ്വകാര്യ ഭൂമിയിൽ തള്ളുകയായിരുന്നു. ലോറിയിൽ കൊണ്ടുവന്ന് തള്ളിയ മാലിന്യം നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും പഞ്ചായത്തിൽ അറിയിക്കുകയുമായിരുന്നു. പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ തൃപ്ത കെ.പി സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പ്രസ്തുത സ്ഥാപനത്തിനെതിരെ 25000 രൂപ മുഴപ്പിലങ്ങാട് പഞ്ചായത്ത് സെക്രട്ടറി പിഴ ചുമത്തി മാലിന്യം അവരുടെ ചെലവിൽ തിരിച്ചെടുപ്പിച്ചു. പല സ്ഥാപനങ്ങളും അംഗീകാരമില്ലാത്ത ഏജൻസികൾക്ക് പണം കൊടുത്ത് നിയമവിരുദ്ധമായി മാലിന്യം കൈയൊഴിയുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ളവരെ കണ്ടെത്തുന്നതിനായി ബൾക്ക് വേസ്റ്റ് കാറ്റഗറിയിൽ പെടുന്ന സ്ഥാപനങ്ങളിലേക്ക് ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പരിശോധന വ്യാപിപ്പിച്ചു. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ തിയ്യേറ്റർ സമുച്ചയങ്ങൾ, ഫ്ളാറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് മാലിന്യം കൊണ്ടുപോകുന്ന ഏജൻസികളെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പട്ടവരിൽ നിന്ന് ശേഖരിച്ചു. ഇത്തരം ഏജൻസികളുടെ പ്രവർത്തനം അന്വേഷിച്ച് നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലക്ഷ്യമിടുന്നത്.