'ഉമ്മയെ കൊന്നതാണ്'; ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ


'ഉമ്മയെ കൊന്നതാണ്'; ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ


തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവില്‍ ഗുരുതര ആരോപണവുമായി മരിച്ച പുന്നപ്ര സ്വദേശിയുടെ മകൻനിയാസ്.  അതേസമയം സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഉമ്മയെ കൊന്നതാണെന്നാണ് നിയാസ് ആരോപിക്കുന്നത്. ആശുപത്രിയില്‍ നിന്ന് നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചും നിയാസ് തുറന്നടിച്ചു. എംആര്‍ഐ എടുക്കാൻ എംഎല്‍എ വിളിച്ചുപറയേണ്ടി വന്നു, ഐസിയുവിലേക്ക് മാറ്റാൻ സൂപ്രണ്ട് വന്ന് ബഹളം വയ്ക്കേണ്ടി വന്നു,  ജൂനിയര്‍ ഡോക്ടര്‍മാരാണ് എല്ലാം കൈകാര്യം ചെയ്തത്, വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലെ അനാസ്ഥ പതിവെന്നും നിയാസ്. 

എഴുപതുകാരിയായ ഉമൈബ പനി ബാധിച്ച് 25 ദിവസങ്ങള്‍ക്ക് മുമ്പാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കെത്തുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷമാണ് ഇവരുടെ രോഗം പതിയെ മൂര്‍ച്ഛിച്ചതെന്ന് കുടുംബം പറയുന്നുണ്ട്. ഇതിനിടെ ചൊവ്വാഴ്ചയോടെ ഇവര്‍ക്ക് ബോധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച തന്നെ ന്യുമോണിയ അധികരിച്ച് മരണം സംഭവിക്കുകയായിരുന്നു.

വണ്ടാനത്ത് മികച്ച ചികിത്സ കിട്ടിയിരുന്നെങ്കില്‍ ഉമൈബയ്ക്ക് മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഇന്നലെ രാത്രിയോടെ ഉമൈബയുടെ മൃതദേഹവുമായി വണ്ടാനത്ത് മെഡി. കോളേജിന് മുമ്പില്‍ ഇവര്‍ പ്രതിഷേധവും നടത്തിയിരുന്നു. നൂറിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

ഉമൈബയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് അന്വേഷണമാരംഭിച്ചത്. കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാർ ചെയർമാനായ സംഘമാണ്  അന്വേഷണമാരംഭിച്ചത്. ഫൊറൻസിക് അസോസിയേറ്റ് ഡോ. കൃഷ്ണൻ, ആർ എം ഒ ഡോ. ലക്ഷ്മി എന്നിവരുൾപ്പെട്ട ആഭ്യന്തര അന്വേഷണ സംഘം വെള്ളിയാഴ്ച  റിപ്പോർട്ട് പ്രിൻസിപ്പാളിന് സമർപ്പിക്കും. സംഭവത്തിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.