പെരിയ കേസ്: സി.ബി.ഐ. അപേക്ഷയില്‍ നടപടി ജഡ്ജിയുടെ സ്ഥലംമാറ്റം നീട്ടല്‍; രജിസ്ട്രാറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

പെരിയ കേസ്: സി.ബി.ഐ. അപേക്ഷയില്‍ നടപടി ജഡ്ജിയുടെ സ്ഥലംമാറ്റം നീട്ടല്‍; രജിസ്ട്രാറോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി


കൊച്ചി: പെരിയ ഇരട്ടക്കൊലപാതകക്കേസില്‍ വിസ്താരം നടത്തിയ അഡീഷണല്‍ ജില്ലാ ജഡ്ജി കെ. കമാനീസിന്റെ സ്ഥലംമാറ്റം നീട്ടിവയ്ക്കണമെന്ന സി.ബി.ഐയുടെ അപേക്ഷയില്‍ രജിസ്ട്രാറോടു ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. 18 നാണ് പുതിയ ജഡ്ജി ശേഷാദ്രിനാഥ് ചുമതലയേല്‍ക്കേണ്ടത്. വിസ്താരം പൂര്‍ത്തിയാക്കിയ ജഡ്ജിയെതന്നെ ബാക്കി നടപടികള്‍കൂടി തീര്‍ക്കാന്‍ അനുവദിക്കണമെന്നാണു സി.ബി.ഐയുടെ അപേക്ഷ.

ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതികളെ കോടതി ചോദ്യംചെയ്യുന്ന നടപടിയും തുടര്‍ന്ന് ഇരുഭാഗത്തിന്റെ വാദങ്ങളുമാണ് അവശേഷിക്കുന്നത്. ഇതിനായി 700 നടുത്തു ചോദ്യങ്ങളാണു വിചാരണക്കോടതി തയാറാക്കിയിരിക്കുന്നത്. ഈ ഘട്ടത്തിലാണു ജഡ്ജിയുടെ സ്ഥലമാറ്റമെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി അടുത്തമാസം വിധി പറയാന്‍ കഴിയുമായിരുന്നു. എന്നാല്‍, പുതിയ ജഡ്ജി എത്തുന്നപക്ഷം വിധി നീളും.

എറണാകുളം സി.ബി.ഐ. പ്രത്യേക കോടതി ജഡ്ജിയാണു കെ. കമാനീസ്. സ്ഥലമാറ്റ ഉത്തരവുവന്ന സാഹചര്യത്തില്‍ കെ. കമാനീസിനു വിധി പറയാന്‍ അവസരം ലഭിക്കില്ല. അതിനാല്‍, പെരിയ കേസിന്റെ വിധിപറയും വരെ കെ. കമാനീസിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നതു നീട്ടിവയ്ക്കണമെന്നാണു സി.ബി.ഐയുടെ അഭ്യര്‍ഥന. 14 മാസം വിസ്താരം നടത്തിയ ജഡ്ജി തന്നെ വിധി പറയുന്നതു വഴി കേസ് നടപടികള്‍ വേഗം അവസാനിപ്പിക്കാന്‍ കഴിയുമെന്നാണു സി.ബി.ഐയുടെ നിലപാട്. അല്ലാത്തപക്ഷം, വിസ്താരം ഒഴികെയുള്ള മറ്റെല്ലാ നടപടികളും പുതിയ ജഡ്ജിയുടെ മുന്നില്‍ ആവര്‍ത്തിക്കണം.

പ്രധാന സാക്ഷികളുള്‍പ്പെടെ 160 പേരുടെ വിസ്താരമാണു പൂര്‍ത്തിയായത്. കേസില്‍ ആദ്യം അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.: പി.എം. പ്രദീപ്, തുടര്‍ന്ന് അന്വേഷണത്തിനു നേതൃത്വം നല്‍കിയ സി.ബി.ഐ. ഡിവൈ.എസ്.പി: എസ്. അനന്തകൃഷ്ണന്‍ എന്നിവരെയും വിസ്തരിച്ചിരുന്നു. ആദ്യം കേസ് അന്വേഷിച്ച പോലീസ് സ്‌റ്റേഷന്‍ ഓഫീസറുടെ വിചാരണയാണ് ഒടുവില്‍ നടന്നത്. വിചാരണ ആരംഭിച്ചതു കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിനായിരുന്നു.

ഇരട്ടക്കൊലപാതകം 2019 ഫെബ്രുവരിയിലായിരുന്നു. മുന്‍ എം.എല്‍.എയും സി.പി.എം. നേതാവുമായ കെ.വി. കുഞ്ഞിരാമന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന മണികണ്ഠന്‍ എന്നിവര്‍ ഉള്‍പ്പെടെ 24 പ്രതികളാണുള്ളത്. സി.പി.എം. പ്രാദേശിക നേതാവ് പീതാംബരനാണ് ഒന്നാം പ്രതി. ആദ്യം ക്രൈംബ്രാഞ്ച് 14 പേരെ പ്രതി ചേര്‍ക്കുകയും 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മൂന്നു പ്രതികള്‍ കോടതിയില്‍ ഹാജരായി ജാമ്യത്തിലിറങ്ങി. പിന്നീടു സി.ബി.ഐ. പത്തുപേരെക്കൂടി പ്രതിചേര്‍ക്കുകയും അഞ്ചു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 11 പ്രതികള്‍ തൃശൂര്‍ വിയൂര്‍ സെന്‍ട്രല്‍ ജയിലിലും അഞ്ചു പ്രതികള്‍ എറണാകുളം കാക്കനാട് ജയിലിലുമാണ്. സി.ബി.ഐ. ആവശ്യം പരിഗണിച്ചു ഹൈക്കോടതി കസ്റ്റഡി വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു.