മലാവി വൈസ് പ്രസിഡന്റ് സൗലോസ് ചിലിമയടക്കം 10 പേര്‍ക്ക് വിമാനാപകടത്തില്‍ ദാരുണാന്ത്യം


മലാവി വൈസ് പ്രസിഡന്റ് സൗലോസ് ചിലിമയടക്കം 10 പേര്‍ക്ക് വിമാനാപകടത്തില്‍ ദാരുണാന്ത്യംലോങ്വേ: ആഫ്രിക്കന്‍ രാജ്യമായ മലാവിയുടെ വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51)ഉള്‍പ്പെടെ 10 പേര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. മലാവി പ്രസിഡന്റ് ലസാറസ് ചകവേരെയാണ് ടെലിവിഷന്‍ സന്ദേശത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. സോളോസ് ചിലിമി സഞ്ചരിച്ച സൈനിക വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാര്‍ട്ടിയായ യുണൈറ്റഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മൂവ്‌മെന്റിന്റെ നേതാക്കളും ഉള്‍പ്പെടുന്നു.

പ്രാദേശിക സമയം രാവിലെ 9:00 ന് ശേഷമാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. തലസ്ഥാനമായ ലോങ്വേയില്‍ നിന്ന് പുറപ്പെട്ടെ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. റഡാറില്‍ നിന്ന് വിമാനം കാണാതായത് മുതല്‍ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന അധികൃതര്‍ വൈസ് പ്രസിഡന്റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജന്‍സികളാണ് നേതൃത്വം നല്‍കിയിരുന്നത്.

പത്തരയോടെ മലാവിയുടെ വടക്കന്‍ മേഖലയിലുള്ള മസുസുവിലെ വിമാനത്താവളത്തിലായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് തലസ്ഥാനമായ ലിലോങ്‌വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. തുടര്‍ന്നാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തകര്‍ന്നുവീണ വിമാനം വനത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മലാവി മുന്‍ മന്ത്രി ഹാല്‍ഫ് കസാംബാരയുടെ സംസ്കാരച്ചടങ്ങുകള്‍ക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്.