എച്ച്1എൻ1 പടരുന്നു, നാല് ദിവസത്തിനിടെ പതിനൊന്ന് പേർക്ക് രോഗബാധ

എച്ച്1എൻ1 പടരുന്നു, നാല് ദിവസത്തിനിടെ പതിനൊന്ന് പേർക്ക് രോഗബാധ


ആലപ്പുഴ: ജില്ലയിൽ എച്ച്1എൻ 1 (പന്നിപ്പനി ) രോഗികളുടെ എണ്ണം വർധിക്കുന്നു. നാലു ദിവസത്തിനിടെ പതിനൊന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 21-ന് മാത്രം അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചു. രണ്ടാഴ്ചക്കിടെ എച്ച്1എൻ 1 സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു.

ആലപ്പുഴ ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നതായി അധികൃതർ അറിയിച്ചു. അഞ്ചു ദിവസത്തിനിടെ 35 പേർക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. 5,124 പേരാണു പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയത്. സ്വകാര്യ ക്ലിനിക്കുകൾ, സ്വകാര്യ ആശുപത്രികൾ, ഹോമിയോ, ആയുർവേദ ആശുപത്രികൾ എന്നിവയിൽ എത്തിയവരുടെ എണ്ണം കൂടി നോക്കിയാൽ പനിബാധിതരുടെ എണ്ണം ഇരട്ടിയിലേറെ വരും.

ഓരോ ദിവസവും നൂറോളം പേരാണു വയറിളക്കത്തിനു ചികിത്സ തേടുന്നത്. എച്ച്1എൻ1 കേസുകൾ ഏതെങ്കിലും ഒരു പ്രദേശം കേന്ദ്രീകരിച്ചല്ല റിപ്പോർട്ട് ചെയ്യുന്നതെന്നും നിലവിൽ ഹോട്സ്പോട്ട് ഇല്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴയും വെയിലും ആരോഗ്യത്തെ ബാധിക്കുന്നതായാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

തുടർച്ചയായ തുമ്മൽ, മൂക്കൊലിപ്പ്, പനി, തൊണ്ട വേദന, ചുമ, ശ്വാസതടസ്സം, ഛർദി എന്നിവയാണു എച്ച്1 എൻ1 പനിയുടെ ലക്ഷണങ്ങൾ. ഗർഭിണികളും പ്രമേഹം, രക്തസമ്മർദം, ശ്വാസകോശ–വൃക്ക രോഗങ്ങൾ തുടങ്ങിയവയ്ക്കു ചികിത്സ തേടുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.