220 അധ്യയന ദിവസം എന്നത് കെഇആർ ചട്ടവും ഹൈക്കോടതി തീരുമാനവുമാണ്, അധ്യാപകർ സഹകരിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
220 അധ്യയന ദിവസം എന്നത് കെഇആർ ചട്ടവും ഹൈക്കോടതി തീരുമാനവുമാണ്, അധ്യാപകർ സഹകരിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി


തിരുവനന്തപുരം: 220 അധ്യയന ദിവസം എന്നത് കെഇആർ ചട്ടമാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം ഉണ്ടെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കെ ഇ ആർ അധ്യായം 7 റൂൾ 3 ൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകർ ഇക്കാര്യത്തിൽ സഹകരിച്ച് കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സഹകരിക്കണം.അധ്യാപകർക്ക് മികവുറ്റ പരിശീലനം ഉറപ്പാക്കാൻ ആണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. ആധുനിക കാലത്തെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള പരിശീലനം ആണ് നൽകുന്നത്. എസ് എസ് കെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനം ആണ്. അധ്യാപകർ പരിശീലനത്തിൽ നിന്ന് വിട്ട് നിൽക്കുന്നത് വിദ്യാർത്ഥികളോട് ചെയ്യുന്ന ക്രൂരതയാണ്. അധ്യാപകർ പരിശീലന നടപടികളോട് സഹകരിക്കണം. പരാതികൾ എന്തെങ്കിലും ഉണ്ടെങ്കിൽ എഴുതി നൽകിയാൽ പരിശോധിക്കും.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിരക്ക് വർധിപ്പിച്ചത് അധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ചാണ്. യു ഡി എഫ് കാലത്ത് ഇത്തരം ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് ഓർക്കണം. ഒരു അധ്യാപകനും പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു തരത്തിലും ബാധ്യത ഉണ്ടാകാൻ പാടില്ല. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തും.ഹയർ സെക്കണ്ടറി അധ്യാപകരുടെ
ശമ്പളം സംബന്ധിച്ച പ്രതിസന്ധി സാങ്കേതികമാണ്. ഹൈക്കോടതിയുടെയും അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണലിന്‍റേയും തീരുമാനങ്ങൾക്ക് അനുസരിച്ചാണ് സർക്കാർ നടപടി. ഒരു വിഭാഗം അധ്യാപകർക്ക് ശമ്പളം ലഭിക്കാതിരുന്ന പ്രതിസന്ധികൾ പ്രത്യേക സർക്കുലറിലൂടെ പരിഹരിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.