ശനിയാഴ്ച മോദി 3.0 സത്യപ്രതിജ്ഞ? അതിവേ​ഗം കരുക്കൾ നീക്കി ബിജെപി, പാർട്ടി എംപിമാരുടെ യോഗം ഇന്ന് ദില്ലിയിൽ


ശനിയാഴ്ച മോദി 3.0 സത്യപ്രതിജ്ഞ? അതിവേ​ഗം കരുക്കൾ നീക്കി ബിജെപി, പാർട്ടി എംപിമാരുടെ യോഗം ഇന്ന് ദില്ലിയിൽ


ദില്ലി: ബിജെപി എംപിമാരുടെ യോഗം ഇന്ന് ദില്ലിയിൽ ചേരും. നാളെ എല്ലാ എൻഡിഎ എംപിമാരുടെയും യോഗത്തിന് മുന്നോടിയായി പാർട്ടി എംപിമാരുടെ യോ​ഗം ബിജെപി വിളിച്ചിരിക്കുന്നത്. വൈകീട്ട് ബിജെപി ആസ്ഥാനത്താണ് യോഗം ചേരുക. ശനിയാഴ്ച മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് ബിജെപി നീക്കം. നാളെ പാർലമെന്റിലെ സെൻട്രൽ ഹാളിൽ ചേരുന്ന എൻഡിഎ എംപിമാരുടെ യോഗത്തിൽ മോദിയെ പാർലമെന്റിലെ നേതാവായി തെരഞ്ഞെടുക്കും.

അതേസമയം, പ്രധാന സഖ്യകക്ഷികളായ ടിഡിപിയുമായും ജെഡിയുവുമായും ബിജെപി നേതാക്കൾ ചർച്ച തുടങ്ങിയിട്ടുണ്ട്. പീയൂഷ് ഗോയലാണ് ചന്ദ്രബാബു നായിഡുവുമായി ആദ്യഘട്ട ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെ ചേർന്ന എൻ ഡി എ യോഗമാണ് മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ തീരുമാനിച്ചത്.

നരേന്ദ്ര മോദിയെ എൻ ഡി എ യോഗം നേതാവായി നിശ്ചയിച്ചത് ഏകകണ്ഠമായാണ് നേതാക്കൾ അറിയിച്ചു. നരേന്ദ്ര മോദി സർക്കാർ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യം വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. എന്തൊക്കെ ഉപാധികളാണ് തങ്ങൾക്കുള്ളതെന്ന കാര്യത്തിൽ ജെ ഡി യുവും ടി ഡി പിയും തീരുമാനം അറിയിച്ചതായും വിവരമുണ്ട്.