വെറും രണ്ടുപേര്‍, 32 സെക്കന്‍റിൽ മോഷണം, പോയത് 725 ഗ്രാം, ജ്വല്ലറിക്ക് നഷ്ടമായത് 50 ലക്ഷത്തിന്‍റെ സ്വര്‍ണം

വെറും രണ്ടുപേര്‍, 32 സെക്കന്‍റിൽ മോഷണം, പോയത് 725 ഗ്രാം, ജ്വല്ലറിക്ക് നഷ്ടമായത് 50 ലക്ഷത്തിന്‍റെ സ്വര്‍ണം


ബെംഗളൂരു: 32 സെക്കന്‍റ് കൊണ്ട് ബെംഗളുരുവിലെ ജ്വല്ലറിക്ക് നഷ്ടമായത് 50 ലക്ഷത്തിന്‍റെ സ്വർണം. ബെംഗളുരുവിലെ ജ്വല്ലറിയിൽ തോക്ക് ചൂണ്ടി മോഷണം നടത്തിയ മുഖംമൂടിയിട്ട രണ്ട് കള്ളൻമാരാണ് ശരവേഗത്തിൽ സ്വർണം കൊള്ളയടിച്ച് കടന്ന് കളഞ്ഞത്. 

32 സെക്കന്‍റിലൊരു മോഷണം. പോയത് 725 ഗ്രാം സ്വർണം. വിപണി വില വച്ച് നോക്കിയാൽ അമ്പത് ലക്ഷത്തോളം രൂപ വരും. ആകെ അന്വേഷണത്തിനായി കയ്യിലുള്ളത് മോഷ്ടാക്കളെ തിരിച്ചറിയാൻ ഒരു വഴിയുമില്ലാത്ത സിസിടിവി ഫൂട്ടേജ്. അന്തം വിട്ട് നിൽക്കുകയാണ് ബെംഗളുരു പൊലീസ്. ചൊവ്വാഴ്ച രാത്രി ഒമ്പതേമുക്കാലോടെയാണ് സംഭവം. മദനായകനഹള്ളിയിലെ ലക്ഷ്മിപുരയിലുള്ള പദം എന്ന ജ്വല്ലറിയിലേക്ക് ഇരുപതുകൾ പ്രായം തോന്നിക്കുന്ന രണ്ട് യുവാക്കൾ ഓടിക്കയറുന്നു.

ഒരാളുടെ വേഷം ചാര നിറത്തിലുള്ള ഹൂഡി ബനിയൻ. ഇയാൾ തൊപ്പി കൊണ്ടും ടവൽ കൊണ്ടും മുഖം മറച്ചിട്ടുണ്ട്. അയാൾ ജ്വല്ലറി ഉടമയ്ക്ക് നേരെ തോക്ക് ചൂണ്ടുന്നു. രണ്ടാമന്‍റെ വേഷം മുഴുക്കൈയൻ കറുപ്പ് ബനിയനും നീല ജീൻസും. അയാൾ ഓടിക്കയറി ജ്വല്ലറിയിലെ ഒരലമാര തുറന്ന് കയ്യിൽ കരുതിയ സഞ്ചിയിലേക്ക് ചെറു സ്വർണാഭരണപ്പെട്ടികൾ വലിച്ചിടുന്നു.

ഇറങ്ങിയോടുന്നു. ഇതെല്ലാം സംഭവിച്ചത് വെറും 32 സെക്കന്‍റിലാണ്. ചെറു ജ്വല്ലറിയായതിനാൽ ഇവിടെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നില്ല. ഇവരെ കാത്ത് മൂന്നാമതൊരാൾ റോഡിൽ ഉണ്ടായിരുന്നെന്നും അയാളുടെ ബൈക്കിൽ കയറിയാണ് ഇരുവരും രക്ഷപ്പെട്ടത് എന്നുമാണ് പൊലീസ് നിഗമനം.

സംഭവത്തിൽ മദനായകഹള്ളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇവർ പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് തുമ്പുണ്ടാക്കാനാകുമോ എന്ന ശ്രമത്തിലാണ് പൊലീസ്.