പച്ചത്തുരുത്ത് വ്യാപന പരിപാടി; ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5ന്

പച്ചത്തുരുത്ത് വ്യാപന പരിപാടി; ജില്ലാതല ഉദ്ഘാടനം ജൂണ്‍ 5ന്

  ജില്ലയില്‍ പച്ചത്തുരുത്ത് വ്യാപന പരിപടിക്ക് ലോകപരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ഇരിട്ടി നഗരസഭയിലെ എടക്കാനം റിവര്‍ വ്യൂ പാര്‍ക്ക് പോയിന്റില്‍ തുടക്കം കുറിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ആദ്യ നടീല്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ 24 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പുതിയ 37 ഇടങ്ങളിലാണ് പച്ചത്തുരുത്ത് ഒരുക്കുക. ഇരിട്ടി നഗരസഭയിലെ എടക്കാനത്ത് ഒരു ഏക്കര്‍ ഭൂമിയിലാണ് വിവിധ വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുക.
ജീവിതത്തിലെ സ്മരണീയ ദിനങ്ങള്‍ക്ക് പച്ചപ്പ് ചാര്‍ത്താന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കായി നടപ്പാക്കി വരുന്ന ഓര്‍മ്മമരം പരിപാടിയുടെ 2024 വര്‍ഷത്തെ ഉദ്ഘാടനവും പരിപാടിയില്‍നടത്തും.
ജില്ലാതല നടീല്‍ പരിപാടിയുടെ ഉദ്ഘാടനം വിജയിപ്പിക്കാന്‍ ഇരിട്ടി നഗരസഭാ കാര്യലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംഘാടക സമിതി രൂപീകരിച്ചു.
ജില്ലയില്‍ നിലവില്‍ 263 ഏക്കര്‍ ഭൂമിയില്‍ 147 പച്ചത്തുരുത്തുകള്‍ വളരുന്നുണ്ട്. വിദ്യാലയ മുറ്റ പച്ചത്തുരുത്തുകള്‍ എന്ന പരിപാടിക്കും ഈ വര്‍ഷം ജില്ലയില്‍ തുടക്കം കുറിക്കും. 30,000 കണ്ടല്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നതിനും ഈ വര്‍ഷം ഹരിത കേരളം മിഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.