9,000 കോടി രൂപ ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് മുങ്ങിയിട്ടും യു കെയിൽ സുഖവാസം; മകന്റെ വിവാഹം നടന്നത് ലണ്ടനിലെ നൂറ് കോടിയിലേറെ മതിക്കുന്ന ആഡംബര ബംഗ്ലാവിൽ;വിവാദ വ്യവസായി ലളിത് മോദിയും ചടങ്ങിൽ; വിജയ് മല്യ വീണ്ടും വാർത്തകളിൽ

9,000  കോടി രൂപ ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് മുങ്ങിയിട്ടും യു കെയിൽ സുഖവാസം; മകന്റെ വിവാഹം നടന്നത് ലണ്ടനിലെ നൂറ് കോടിയിലേറെ മതിക്കുന്ന ആഡംബര ബംഗ്ലാവിൽ;വിവാദ വ്യവസായി ലളിത് മോദിയും ചടങ്ങിൽ; വിജയ് മല്യ വീണ്ടും വാർത്തകളിൽ

ന്നും രണ്ടും കോടിയല്ല, 9000 കോടി രൂപയാണ് വിജയ് മല്യ എന്ന ഇന്ത്യൻ വ്യവസായി രാജ്യത്തുനിന്ന് പറ്റിച്ച് കടന്നുകളഞ്ഞത്. 2016 മുതൽ ബ്രിട്ടനിലുള്ള മല്യ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മകന്റെ വിവാഹത്തിന്റെ പേരിലാണ്. ആഡംബരങ്ങളുടെ അവസാനവാക്കായിരുന്നു മല്യയുടെ മകന്റെ വിവാഹം പക്ഷേ, അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിലാണ് നടന്നത്. വിജയ് മല്ല്യയുടെ മകൻ സിദ്ധാർഥ മല്ല്യയും കാമുകി ജാസ്മിനുമായുള്ള വിവാഹം ശനിയാഴ്ച നടന്നപ്പോൾ, അതിഥിയായി മല്യയെപ്പോലെ ബാങ്കുകളെ കബളിപ്പിച്ച് രാജ്യം വിട്ട  ലളിത് മോദി ചടങ്ങിനെത്തിയതും വാർത്തയായി. ഇവരെയൊക്കെ ഇന്ത്യയിൽ കൊണ്ടുവന്ന് വിചാരണ നടത്താനുള്ള ശ്രമം വർഷങ്ങളായി നടക്കുന്നുണ്ട്. പക്ഷേ മല്യയും ലളിതുമൊക്കെ എല്ലാ നിയമ സംവിധാനങ്ങളെയും കാറ്റിൽ പറഞ്ഞി വിദേശത്ത് തുടരുകയാണ്.

വിജയ് മല്ല്യയുടെ യു.കെയിലെ ബംഗ്ലാവായിരുന്നു വിവാഹവേദി. ലണ്ടന് സമീപത്താണ് വിജയ് മല്ല്യയുടെ നൂറ് കോടിയിലേറെ രൂപ വിലവരുന്ന ആഡംബരബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഹേർത്‌ഫോഡ്ഷയറിലെ ടെവിൻ എന്ന ഗ്രാമത്തിലാണ് 'ലേഡി വാക്' എന്ന ഈ ബംഗ്ലാവ്. 2015ലാണ് വിജയ് മല്ല്യ ഈ ബംഗാവ് വാങ്ങിയത്, ഇന്ത്യയിൽ നിന്ന് യുകെയിലേക്ക് കടക്കുന്നതിന് ഏതാനും മാസം മുമ്പായിരുന്നു ഇത്. എഫ് 1 ചാമ്പ്യൻ ലൂയിസ് ഹാമിൽടണിന്റെ പിതാവ് ആന്തണി ഹാമിൽടണിൽ നിന്നാണ് മല്ല്യ വീട് വാങ്ങിയത്. 30 ഏക്കർ ഭൂമിയിലാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. മൂന്ന് ബംഗ്ലാവുകളുള്ള എസ്റ്റേറ്റിൽ ഔട്ട്ഹൗസുകൾ, സ്വിമ്മിങ് പൂളുകൾ, ഫൗണ്ടെയ്‌നുകൾ, ടെന്നീസ് കോർട്ടുകൾ കൂടാതെ മല്ല്യ കുടുംബത്തിന്റെ ആഡംബരകാറുകൾ നിർത്താനുള്ള വലിയ ഗാരേജുമുണ്ട്.

സിദ്ധാർഥിന്റേയും ജാസ്മിന്റേയും സുഹൃത്തായ അമേരിക്കൻ നടി ഇംകെ ഹാർട്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച വിവാഹചിത്രങ്ങളിൽ ബംഗ്ലാവിന്റെ ചിത്രവുമുണ്ട്. വിവാഹത്തിന് വിജയ് മല്ല്യക്കൊപ്പം ലളിത് മോദിയും പങ്കെടുത്തിരുന്നു. ഇതാണ് വിവാദമായതും. ഇന്ത്യയിൽ നിരവധി സിബിഐ- ഇഡി കേസുകൾ നേരിടുന്നവരാണ് ഇരുവരും.

നടനും മോഡലുമായ സിദ്ധാർഥ് മല്യ

പിതാവിന്റെ ബിസിനസ് പാത സ്വീകരിക്കാതെ നടനും മോഡലുമായി തിളങ്ങാനാണ് സിദ്ധാർഥിന് ആഗ്രഹം. മാനസികാരോഗ്യം സംബന്ധിച്ച് രണ്ട് പുസ്തകങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. കാലിഫോർണിയയിൽ ജനിച്ച സിദ്ധാർഥ് ലണ്ടനിലും യുഎഇയിലുമാണ് പഠിച്ചത്. ലണ്ടനിലെ വില്ലിങ്ടൺ കോളജിലും ക്വീൻ മേരി സർവകലാശാലയിലുമായിരുന്നു സിദ്ധാർഥിന്റെ വിദ്യാഭ്യാസം. റോയൽ സെൻട്രൽ സ്‌കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമയിലും സിദ്ധാർഥ് പഠിച്ചിട്ടുണ്ട്. ഡ്രാമ സ്‌കൂളിൽ നിന്ന് ഗ്രാജുവേഷൻ നേടിയ സിദ്ധാർഥ് മോഡലായും നടനായും പ്രവർത്തിച്ചു. നിരവധി ടെലിവിഷൻ ഷോകളിലും സിനിമയിലും സിദ്ധാർഥ് അഭിനയിച്ചു. ഹിന്ദു- ക്രിസ്ത്യൻ രീതിയിലാണ് വിവാഹം നടന്നത്.

അതേസമയം മല്യക്കെതിരായ കേസുകൾ ഇന്ത്യയിൽ തുടരുകയാണ്. 17 ബാങ്കുകൾ നാട്ടിലെ സ്വത്തുകൾ ജപ്തിചെയ്ത് കോടിക്കണക്കിന് രൂപ വസൂലാക്കിയിട്ടുണ്ട്. ബാങ്കുകൾ നൽകിയ കേസുകൾക്ക് പുറമെ ജി.എം.ആർ ഗ്രൂപ്പിന് 50 ലക്ഷം രൂപയുടെ കള്ളചെക്ക് നൽകി കബളിപ്പിച്ചതിന് ജാമ്യമില്ലാ വാറണ്ട് മല്യക്കെതിരെ നിലവിലുണ്ട്. 900 കോടി രൂപ വിദേശത്തെ കമ്പനികളിൽ ചട്ടം ലംഘിച്ച് നിക്ഷേപിച്ചതിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസ് വേറെയും. ഒപ്പം കിങ്ഫിഷർ ഏയർലൈൻസ് കമ്പനിയിലെ ജീവനക്കാർക്ക് ശമ്പളം നൽകാതെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിനും മല്യ വിചാരണ നേരിടേണ്ടിവരും.

ലളിത് മോദിയും മല്യയും ഉൾപ്പടെ 10 പേരെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ ഇപ്പോഴും ബ്രിട്ടീഷ് കോടതിയിലാണ്. 2008-ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികന്മാരുടെ പട്ടികയിൽ 162ാമതും, ഇന്ത്യയിലെ ധനികന്മാരിൽ 41ാമതുമായ വ്യക്തിയായിരുന്നു മല്യ. ഫുഡ് പ്രോഡക്റ്റ്, ഫാർമസ്യൂട്ടിക്കൽ, അഗ്രോകെമിക്കൽ, പെയിന്റ്, റിയൽ എസ്റ്റേറ്റ്, എയർലൈൻസ്, ഒപ്പം ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ മദ്യ നിർമ്മാണ കമ്പനിയും. അങ്ങനെ കരുത്തനായ മല്യയാണ് വർഷങ്ങൾക്കുള്ളിൽ പിടികിട്ടാപ്പുള്ളിയായത്! മല്യയുടെ കിങ് ഫിഷർ എയർലൈസിന്റെ ഭീമ ബാധ്യതയാണ് അദ്ദേഹത്തെ കടക്കാരനാക്കിയത്.

ഒരു ഭാഗത്ത് ജീവനക്കാർ പട്ടിണി കിടക്കുമ്പോഴും, ഐപിഎല്ലും ഫോർമുലാ വൺ കാറോട്ടവുമൊക്കെയായി കോടികൾ പൊടിക്കയായിരുന്നു മല്യ. 2015ൽ കോടികൾ പൊടിച്ചാണ് അയാൾ ഗോവയിൽവെച്ച് തന്റെ ജന്മദിനം ആഘോഷിച്ചത്. ഇരുനൂറിലധികം അതിഥികൾ വന്ന ആ പരിപാടിയിൽ ഒറ്റരാത്രികൊണ്ട പൊടിഞ്ഞത് 15 കോടി രൂപയാണ്!

2005- 15 കോടിയുണ്ടായിരുന്നു കിങ്ഫിഷറിന്റ കടം 2010ൽ 7005 കോടിയായിരുന്നു. അത് ഒന്നും അടക്കാതെയാണ് മല്യ ധുർത്ത് കാട്ടിയത്. മല്യക്ക് എത്ര കാമുകിമാരും വെപ്പാട്ടികളും ഉണ്ടെന്ന് അദ്ദേഹത്തിന് പോലും അറിയാത്ത അവസ്ഥയായിരുന്നു.

2016ൽ നാടുവിട്ട് പോവുമ്പോളും പിങ്കി അൽവാനി എന്ന കാമുകി ഒപ്പമുണ്ടായിരുന്നു. യുണൈറ്റഡ് ബ്രിവറീസ്ഒരു വിദേശകമ്പനിക്ക് വിറ്റതുവഴി കിട്ടിയ 40 മില്യൻ ഡോളറുമാണ് അയാൾ മുങ്ങിയത്. ഇ ഡി, മല്യക്കെതിരെ മണി ലോണ്ടറിങ് കേസും എടുത്തിട്ടുണ്ട്. ബാങ്ക് വായ്‌പ്പയെടുത്ത് ഫോർമുല വൺ റേസ് നടത്തിയെന്നാണ് കുറ്റം.