എന്റെ എക്‌സിറ്റ്‌പോള്‍ ഇങ്ങനല്ല... , എക്‌സിറ്റ്‌പോള്‍ പാളി; വിദഗ്‌ധന്‍ വിതുമ്പി


എന്റെ എക്‌സിറ്റ്‌പോള്‍ ഇങ്ങനല്ല... , എക്‌സിറ്റ്‌പോള്‍ പാളി; വിദഗ്‌ധന്‍ വിതുമ്പി


ന്യൂഡല്‍ഹി: അമ്പേ പാളിയ എക്‌സിറ്റ്‌ പോള്‍ പ്രവചനത്തിന്റെ ഉത്തരവാദിത്തമേറ്റ്‌ ചാനല്‍ ചര്‍ച്ചയ്‌ക്കിടെ വിതുമ്പി തെരഞ്ഞെടുപ്പ്‌ വിശകലന വിദഗ്‌ധന്‍. ബി.ജെ.പി. ഉള്‍പ്പെടുന്ന എന്‍.ഡി.എയ്‌ക്കു വമ്പന്‍ വിജയം പ്രവചിച്ച 'ആക്‌സിസ്‌ മൈ ഇന്ത്യ'യുടെ മാനേജിങ്‌ ഡയറക്‌ടര്‍ പ്രദീപ്‌ ഗുപ്‌തയാണ്‌ ക്യാമറക്കണ്ണുകള്‍ക്കുമുന്നില്‍ പൊട്ടിക്കരഞ്ഞത്‌.
ഫലപ്രഖ്യാപനം പൂരോഗമിക്കുന്നതിനിടെ ഇന്ത്യാ ടുഡെ ചാനലിലെ തെരഞ്ഞെടുപ്പു വിശകലനത്തിനിടെയായിരുന്നു ഗുപ്‌തയ്‌ക്കു നിയന്ത്രണംവിട്ടത്‌. മാധ്യമപ്രവര്‍ത്തകരായ രാജ്‌ദീപ്‌ സര്‍ദേശായിയും രാഹുല്‍ കന്‍വാളും ഉള്‍പ്പെടെയുള്ളവരാണു ചര്‍ച്ച നയിച്ചത്‌. എക്‌സിറ്റ്‌ പോള്‍ പ്രവചനങ്ങള്‍ വാസ്‌തവവുമായി അകലം പാലിച്ചേക്കാമെന്നായിരുന്നു സര്‍ദേശായിയുടെയും കന്‍വാളിന്റെയും നിരീക്ഷണം. പക്ഷേ, ഗുപ്‌തയ്‌ക്കു വികാരനിയന്ത്രണം അസാധ്യമായി. മുഖംപൊത്തി വിതുമ്പിപ്പോയ ഗുപ്‌തയെ കന്‍വാള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും ക്യാമറകള്‍ തല്‍സമയം ഒപ്പിയെടുത്തു. വൈകാതെ ഗുപ്‌ത കണ്ണീര്‍തുടച്ച്‌ ആത്മനിയന്ത്രണം വീണ്ടെടുത്തെങ്കിലും മുഖത്ത്‌ ദുഃഖഭാവം തളംകെട്ടിനിന്നിരുന്നു. ഇതര എക്‌സിറ്റ്‌ പോളുകളിലേതിനു സമാനമായി എന്‍.ഡി.എ. നാനൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ തുടരുമെന്നായിരുന്നു പ്രദീപ്‌ ഗുപ്‌ത നേതൃത്വം നല്‍കുന്ന 'ആക്‌സിസ്‌ മൈ ഇന്ത്യ'യുടെയും പ്രവചനം. ബി.ജെ.പിക്കു തനിച്ച്‌ 322-430 സീറ്റും എന്‍.ഡി.എ. സഖ്യകക്ഷികള്‍ക്ക്‌ 39 മുതല്‍ 61 സീറ്റും ലഭിക്കുമെന്നായിരുന്നു വിലയിരുത്തല്‍. കഴിഞ്ഞ ഒന്നിന്‌ അവസാനഘട്ട വോട്ടെടുപ്പ്‌ പൂര്‍ത്തിയായതിനു പിന്നാലെയാണ്‌ എക്‌സിറ്റ്‌ പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്‌. പതിനാലോളം എക്‌സിറ്റ്‌ പോളുകളാണ്‌ ബി.ജെ.പിക്കു വന്‍ വിജയം പ്രവചിച്ചത്‌.