മിതമായ നിരക്കിൽ ഉന്നത നിലവാരമുള്ള ഡ്രൈവിങ് പരിശീലനം'; കെഎസ്ആ‍ര്‍ടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം നാളെ


'മിതമായ നിരക്കിൽ ഉന്നത നിലവാരമുള്ള ഡ്രൈവിങ് പരിശീലനം'; കെഎസ്ആ‍ര്‍ടിസിയുടെ ഡ്രൈവിങ് സ്കൂൾ ഉദ്ഘാടനം നാളെ


തിരുവനന്തപുരം: കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്റേയും സോളാർ പവർ പ്ളാന്റിന്റേയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആനയറ കെ എസ് ആർ ടി സി സ്വിഫ്റ്റ് ആസ്ഥാനത്ത് 26ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ അധ്യക്ഷത വഹിക്കും

കടകംപള്ളി സുരേന്ദ്രൻ എം എൽ എ, മേയർ ആര്യാ രാജേന്ദ്രൻ, ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഉന്നത നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്‌കൂളുകൾ എന്ന പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. വിവിധ ഡിപ്പോകളിൽ ആധുനിക സംവിധാനങ്ങളോടെയാണ് ഇവ ആരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ കെ എസ് ആർ ടി സിയുടെ കീഴിൽ ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നത് 23 കേന്ദ്രങ്ങളിലായിരിക്കും. നേരത്തെ കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളിന്‍റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവിങ് സ്കൂൾ പ്രാവര്‍ത്തികമാകുന്നത്. മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം.

കെ എസ് ആർ ടി സിയിലെ വിദഗ്ധരായ ഇൻസ്ട്രക്ടർമാരുടെ സേവനമടക്കം ഡ്രൈവിംഗ് സ്‌കൂളുകൾക്കായി വിനിയോഗിക്കും. ദേശീയ അന്തർദ്ദേശീയ നിലവാരത്തിലുള്ള ലൈറ്റ്മോട്ടോർ ഡ്രൈവിംഗ് പരിശീലനം ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതടക്കമുള്ള കാര്യങ്ങളും പരിഗണിക്കുമെന്നാണ് വിവരം.